രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിക്കാൻ : 60 ദശലക്ഷം വർഷം പഴക്കമുളള അപൂർവ ശാലിഗ്രാം പാറകൾ അയോധ്യയിൽ എത്തിച്ചു
ശ്രീരാമന്റെയും ജാനകി ദേവിയുടെയും വിഗ്രഹം കൊത്തിയെടുത്ത് രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്ഥാപിക്കുന്നതിനായി രണ്ട് അപൂര്‍വ പാറകള്‍ അയോധ്യയിലെത്തിച്ചു. നേപ്പാളില്‍ നിന്ന് ബുധനാഴ്ച വൈകിയാണ് 60 ദശലക്ഷം വര്‍ഷം പഴക്കമുള്ള അപൂര്‍വ ശാലിഗ്രാം പാറകള്‍ അയോധ്യയിലേയ്ക്ക് എത്തിച്ചത്.രണ്ട് വ്യത്യസ്ത ട്രക്കുകളിലായാണ് കല്ലുകള്‍ അയോധ്യയിലെത്തിച്ചത്. ഒരു പാറയ്ക്ക് 26 ടണ്‍ ഭാരമുണ്ടെന്നും മറ്റൊന്നിന് 14 ടണ്‍ ഭാരമുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ സെക്രട്ടറി രാജേന്ദ്ര സിംഗ് പങ്കജാണ് നേപ്പാളിലെ മുസ്താങ് ജില്ലയില്‍ നിന്നുമാണ് ഇവ കൊണ്ടുവന്നത്.സന്യാസിമാരും നാട്ടുകാരും ചേര്‍ന്ന് ആചാരങ്ങള്‍ അര്‍പ്പിച്ചും മാലകളാല്‍ അലങ്കരിച്ചും കല്ലുകള്‍ സ്വീകരിക്കുകയും ചെയ്തു. നേപ്പാളിലെ മുസ്താങ് ജില്ലയിലെ സാലിഗ്രാമയ്ക്ക് സമീപമുള്ള ഗണ്ഡകി നദിയില്‍ നിന്നാണ് ഈ പാറകള്‍ കണ്ടെത്തിയത്. ഈ കല്ലില്‍ കൊത്തിയെടുത്ത ശ്രീരാമന്റെ വിഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്ഥാപിക്കുമെന്നും അടുത്ത വര്‍ഷം ജനുവരിയിലെ മകരസംക്രാന്തി ഉത്സവത്തോടെ ഇത് തയ്യാറാകുമെന്നും അധികൃതര്‍ അറിയിച്ചു.