സ്‌കൂള്‍ കായികമേളയില്‍ കളത്തിലിറങ്ങാന്‍ പ്രവാസി മലയാളി പെണ്‍കുട്ടികളെത്തി
തിരുവനന്തപുരം: ഇത്തവണത്തെ സ്‌കൂള്‍ കായികമേളയില്‍ കളത്തിലിറങ്ങാന്‍ പ്രവാസി മലയാളി പെണ്‍കുട്ടികളെത്തി. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ ഗള്‍ഫില്‍നിന്നും വിദ്യാര്‍ഥിനികളെത്തുന്നത്. കഴിഞ്ഞവര്‍ഷം മുതല്‍ ആണ്‍കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. യുഎഇയില്‍ നിന്നെത്തിയ 35 അംഗസംഘത്തില്‍ അഞ്ചുപേര്‍ പെണ്‍കുട്ടികളാണ്. ദുബായിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളിന്‍റെ അഭിമാന കായികതാരങ്ങളായ ആയിഷ നവാബ്, സന ഫാത്തിമ, ഷെയ്ക്ക അലി, തമന്ന, നജ ഫാത്തിമ എന്നിവര്‍ വിവിധ ഇനങ്ങളിലായി മത്സരിക്കും.കായികോത്സവത്തിൽ ഗൾഫ് മേഖലയിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കുന്നത് ശ്രദ്ധേയമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നാണ് സംസ്ഥാന സ്‌കൂൾ കായികമേള. കായികോത്സവത്തിന് ആഗോളശ്രദ്ധ ലഭിക്കുന്നതിന് ഗൾഫ് മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തം കൂടുതൽ സഹായകമാകും. സ്‌കൂൾ കായികോത്സവത്തിൽ പങ്കെടുക്കുന്നതിനായി ഗൾഫ് മേഖലയിൽ നിന്നും എത്തിച്ചേർന്ന വിദ്യാർത്ഥികളെ കെടിഡിസി ചൈത്രം ഹോട്ടലിൽ സ്വീകരിച്ചശേഷം അവരോട് സംസാരിക്കുകയായിരുന്നു മന്ത്രി.മുൻവർഷത്തെ പോലെ ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളയും ഒളിമ്പിക്‌സ് മാതൃകയിലാണ് നടത്തുന്നത്. ഇത്തവണ 22,000 കുട്ടികളാണ് മേളയിൽ പങ്കെടുക്കുന്നത്. ഭിന്നശേഷിയുള്ള 2500 ഓളം കുട്ടികളും സാധാരണ കുട്ടികളോടൊപ്പം മേളയിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും ഗൾഫ് കുട്ടികളുടെ പങ്കാളിത്തം പരിഗണിക്കണമെന്ന കുട്ടികളുടെ ആവശ്യം ആലോചന നടത്തിയ ശേഷം അറിയിക്കാമെന്ന് വിദ്യാർത്ഥികൾക്ക് മന്ത്രി ഉറപ്പ് നൽകി.ഗൾഫ് മേഖലയിൽ നിന്നുള്ള അഞ്ച് കേരള സിലബസ് സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കായികോത്സവത്തിൽ പങ്കെടുക്കുന്നത്. 34 ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും എട്ട് അധ്യാപകരുമുൾപ്പടെ 47 പേരാണ് സംഘത്തിലുള്ളത്. ജൂനിയർ, സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഫുട്‌ബോൾ, ബാസ്‌കറ്റ് ബോൾ, ബാഡ്മിന്റൺ, അത്‌ലറ്റിക്‌സ് എന്നീ മത്സരയിനങ്ങളിലാണ് കുട്ടികൾ പങ്കെടുക്കുന്നത്. അതേസമയം മേളയില്‍ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലയ്ക്ക് ലഭിക്കുന്നത് മുഖ്യമന്ത്രിയുടെ 117.5 പവന്‍റെ സ്വർണ്ണക്കപ്പാണ്.ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബ്രാൻഡ് അംബാസിഡറായ മേളയുടെ ഗുഡ്വിൽ അംബാസിഡർ നടി കീർത്തി സുരേഷാണ്. മേളയുടെ തീം സോങ്ങിന്‍റെ ഗാനരചനയും സംഗീത സംവിധാനവും ആലാപനവും പൂർണ്ണമായും നിർവ്വഹിച്ചത് പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളാണ്. ഇന്നലെ കായിക മേളയുടെ ദീപശിഖ ഇതിഹാസ ഫുട്‌ബോൾ താരം ഐ എം വിജയനും ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവുമായ എച്ച് എം കരുണപ്രിയയും സംയുക്തമായി തെളിയിച്ചു.