കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക ഇന്ന്; 40 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

Spread the love

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ആദ്യഘട്ടത്തില്‍ 40 സീറ്റിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിക്കുക. 19 സിറ്റിങ്ങ് എംഎല്‍എമാരടക്കം 36 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് കഴിഞ്ഞദിവസം ധാരണയായിരുന്നു. യുഡിഎഫ് സിറ്റിങ്ങ് സീറ്റുകളായ പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികള്‍ വരും.കോണ്‍ഗ്രസ് സ്ക്രീനിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഡല്‍ഹിയില്‍ വീണ്ടും യോഗം ചേരും. വൈകീട്ടാണ് തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം. ധാരണയായ സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് അംഗീകാരം നല്‍കും. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തെപ്പറ്റി അനിശ്ചിതത്വം തുടരുകയാണ്. ഇടഞ്ഞു നില്‍ക്കുന്ന കെ സുധാകരന്‍ ഇതുവരെ മയപ്പെട്ടിട്ടില്ല. സുധാകരനുമായി കോണ്‍ഗ്രസ് നേതൃത്വം നാളെ ചര്‍ച്ച നടത്തും.പാലക്കാട്ടെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. തൃപ്പൂണിത്തുറ എംഎല്‍എ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പല തലത്തില്‍ ചര്‍ച്ച നടത്തിവരികയാണ്. എല്‍ദോസിനെ വീണ്ടും മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *