ഇസ്രായേൽ ഔദ്യോഗികമായി ഹമാസുമായി യുദ്ധം പ്രഖ്യാപിച്ചു
വാഷിംഗ്ടൺ : പലസ്തീൻ ഭീകര സംഘടനയായ ഹമാസിന്റെ ഭീകരാക്രമണങ്ങളെ തുടർന്ന് ഇസ്രായേൽ ഔദ്യോഗികമായി ഹമാസുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കയും ഇസ്രായേലിന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചു. യുഎസിന്റെ വിമാനവാഹിനികപ്പലും യുദ്ധവിമാനങ്ങളും ഇസ്രായേലിലേക്ക് അയക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു.ഇസ്രായേൽ ഗവൺമെന്റിനും രാജ്യത്തെ ജനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുന്നു എന്നാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഔദ്യോഗികമായി പ്രസ്താവന നടത്തിയത്. ഇസ്രായേലിനുള്ള യുദ്ധസഹായത്തിന്റെ ഭാഗമായി കിഴക്കൻ മെഡിറ്ററേനിയനിലേക്ക് തങ്ങളുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡും അതിനോടൊപ്പമുള്ള യുദ്ധക്കപ്പലുകളും അയക്കുകയാണെന്ന് പെന്റഗൺ അറിയിച്ചു.ഇസ്രായേൽ പ്രതിരോധ സേനയ്ക്കായി വരും ദിവസങ്ങളിൽ കൂടുതൽ സഹായങ്ങൾ നൽകുമെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ഒരു ശത്രുക്കളും ഈ സാഹചര്യത്തെ മുതലെടുക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് വിശ്വസിക്കുന്നില്ല എന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഇക്കാര്യം ഉറപ്പിക്കാനായി നിരന്തരശ്രമങ്ങൾ നടത്തുമെന്നും അമേരിക്ക ഇസ്രായേലിനെ അറിയിച്ചിട്ടുണ്ട്.