തിരുവനന്തപുരം പേട്ടയില്‍ സിപിഎം ഭീഷണിയെ തുടര്‍ന്നുള്ള പൊലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ സിപിഎം ഭീഷണിയെ തുടര്‍ന്നുള്ള പൊലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി. രണ്ട് എസ് ഐ ഉള്‍പ്പെടെ മൂന്ന് പേരെയും പേട്ട സ്‌റ്റേഷനില്‍ തന്നെ നിയമിച്ചു. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കമ്മീഷണര്‍ സി.എച്ച് നാഗരാജുവിന്റേതാണ് നടപടി. ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച ഡിവൈഎഫ്‌ഐ നേതാവിനു പിഴ നല്‍കിയതായിരുന്നു പ്രശ്‌നം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി തിരുത്തിയത്. പൊലീസുകാരെ മാറ്റിയ നടപടി തിരുത്തിയെങ്കിലും സ്റ്റേഷനില്‍ സംഘര്‍ഷമുണ്ടാക്കിയ പാര്‍ട്ടിക്കാരെ പൊലീസ് തൊട്ടിട്ടില്ല.ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ച ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിന് പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയതിനായിരുന്നു പാര്‍ട്ടിക്കാര്‍ ചൊവ്വാഴ്ച രാത്രി പേട്ട സ്റ്റേഷനിലേക്ക് ഇരച്ചു കയറിയത്. നടുറോഡില്‍ പൊലീസും- പ്രവര്‍ത്തകരുമായി കയ്യാങ്കളിയും അസഭ്യവര്‍ഷവും വരെയുണ്ടായി. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയിയെത്തി പോര്‍ വിളി നടത്തി. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നേതാക്കളെ അനുനയിപ്പിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.വാഹനപരിശോധനക്കിടെ എസ്‌ഐ അഭിലാഷും അസീമും ഡ്രൈവര്‍ മിഥുനും മര്‍ദ്ദിച്ചുവെന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ പരാതി. പെറ്റിചുമത്തിയ എസ്‌ഐമാരെ സ്റ്റേഷന്‍ ചുമതലയില്‍ നിന്നും നീക്കുകയായിരുന്നു, ഡ്രൈവറെയും എആര്‍ ക്യാമ്പിലേക്ക് മടക്കി. ഇതിന് പിന്നാലെ ഇവര്‍ക്കെതിരെ നര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ അന്വേഷണവും തുടങ്ങി. സ്റ്റേഷനുള്ളില്‍ വച്ച് എസ്‌ഐ അഭിലാഷ് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് കമ്മീഷണര്‍ക്ക് ഡിവൈഎഫ്‌ഐ നേതാവ് നല്‍കിയ പരാതിയും അന്വേഷിച്ചു. പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റ നടപടി റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *