ഗ്യാൻവാപി മസ്ജിദിലേക്ക് പ്രഖ്യാപിച്ച മാർച്ച് തടഞ്ഞ് പോലീസ്
ഗ്യാൻവാപി മസ്ജിദിലേക്ക് പ്രഖ്യാപിച്ച മാർച്ച് തടഞ്ഞ് പോലീസ്. ജ്യോതിർമഠം ശങ്കരാചാര്യരായ സ്വാമി അവിമുക്തേശ്വരാനന്ദാണ് മാർച്ച് പ്രഖ്യാപിച്ചത്. ഗ്യാൻവാപിയിൽ വിശ്വനാഥനെ പ്രദക്ഷണം ചെയ്യാനെന്ന പേരിലാണ് മാർച്ച് പ്രഖ്യാപിച്ചത്. എന്നാൽ മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് മാർച്ച് തടയുകയായിരുന്നു. ഗ്യാൻവാപിയിൽ വിഗ്രഹത്തെ പ്രദക്ഷണം ചെയ്യുന്ന ആചാരമില്ലെന്ന് ഭേലുപൂർ എസിപി പറഞ്ഞു. ഇത്തരം ചടങ്ങുകൾ നടത്തണമെങ്കിൽ ജില്ലാ ഭരണകൂടത്തിൽ നിന്നും പോലീസിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം. മാർച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ കേദാർഘട്ടിലെ ശ്രീവിദ്യ മഠത്തിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. അവിമുക്തേശ്വരാനന്ദും അനുയായികളും മഠത്തിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ പോലീസ് തടഞ്ഞു. തുടർന്ന് എസിപിയും ശങ്കരാചാര്യരും തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ അനുമതി ലഭിച്ച ശേഷം മറ്റൊരു സമയത്ത് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് ഇവർ പിൻവാങ്ങുകയായിരുന്നു.