മാനവീയം വീഥിയിൽ നൈറ്റ് ലൈഫിൽ വീണ്ടും സംഘർഷം : നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ്

Spread the love

തിരുവനന്തപുരം: ‘നൈറ്റ് ലൈഫി’ന്റെ പേരില്‍ തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായ പശ്ചാത്തലത്തില്‍ മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പൊലീസ്. മാനവീയത്തില്‍ രാത്രി 10 മണിക്ക് ശേഷം വാദ്യോപകരണങ്ങളും ഉച്ചഭാഷിണിയും ഒഴിവാക്കണമെന്നാണ് ശുപാര്‍ശ. രാത്രി 12 മണി കഴിഞ്ഞാല്‍ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്ന് നിര്‍ദ്ദേശിക്കുമെന്നും പൊലീസ് അറിയിച്ചു.സ്റ്റേജ് പരിപാടികള്‍ക്കും ഉച്ചഭാഷിണികള്‍ക്കും കര്‍ശന നിയന്ത്രണം വേണമെന്നാണ് പൊലീസിന്റെ ശുപാര്‍ശ. അസിസ്റ്റന്റ് കമ്മീഷണറാണ് ശുപാര്‍ശ നല്‍കിയത്. മദ്യപിച്ച് എത്തുന്നതല്ല ‘നൈറ്റ് ലൈഫ്’. രാത്രി 10 മണിക്ക് ശേഷം മൈക്കും ആഘോഷവും വേണ്ടെന്ന് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു.ഉച്ചഭാഷിണികളും വാദ്യോപകരണങ്ങളും രാത്രി 10 മണി വരെ മാത്രമേ ഉപയാഗിക്കാന്‍ പാടുള്ളൂ. 12 മണി കഴിഞ്ഞാല്‍ ആളുകള്‍ മാനവീയം വീഥി വിട്ടു പോകണമെന്നുമാണ് പൊലീസിന്റെ നിര്‍ദേശം. ഇതോടൊപ്പം ഇവിടെ പൊലീസ് സാന്നിധ്യം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി തവണ മാനവീയം വീഥിയില്‍ സംഘര്‍ഷമുണ്ടായിരുന്നു.കേരളീയം പരിപാടിയുടെ സമാപന ദിവസമായ ഇന്നലെയും മാനവീയം വീഥിയില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പൊലീസിന് നേര്‍ക്ക് കല്ലേറുമുണ്ടായി. കല്ലേറില്‍ നെട്ടയം സ്വദേശിയായ സ്ത്രീക്ക് തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളോടെ നൈറ്റ്‌ലൈഫ് തുടരുന്നതിനുള്ള സംവിധാനങ്ങള്‍ പൊലീസ് ആലോചിക്കുന്നത്.കേരളീയം കഴിഞ്ഞതിനാല്‍ മാനവീയം വീഥിയില്‍ തിരക്ക് കുറയുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഒരാള്‍ക്ക് ഉച്ച ഭാഷിണിക്ക് അനുമതി നല്‍കിയാല്‍ മറ്റുള്ളവര്‍ക്ക് ഒരു തടസ്സമായി മാറുന്നു. ഇത് സംഘര്‍ഷത്തിന് കാരണമാകുമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മാനവീയം വീഥിയില്‍ സുരക്ഷ കൂടുതല്‍ കാര്യക്ഷമാക്കുമെന്നും പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *