ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു

Spread the love

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ഒരാഴ്ചയ്ക്കിടെ ഗവര്‍ണര്‍ക്ക് എതിരെ നല്‍കുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്. ബില്ലുകളില്‍ ഒപ്പ് വയ്ക്കാത്ത നടപടിക്കെതിരെ 2022 ല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയുമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്ര സര്‍ക്കാരിനെയും എതിര്‍ കക്ഷികളാക്കി കേരള സര്‍ക്കാരും ടിപി രാമകൃഷ്ണന്‍ എംഎല്‍എയും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹര്‍ജി. സര്‍വകലാശാല നിയമഭേദഗഗതികള്‍, സഹകരണ നിയമഭേദഗതി, പൊതുജനാരോഗ്യ നിയമ ഭേഗദതി, ലോകായുക്ത നിയമ ഭേഗതി എന്നിവ തീരുമാനം എടുക്കാതെ ഗവര്‍ണര്‍ പിടിച്ചു വച്ചിരിക്കുകയാണെന്നാണ് ആദ്യ. ഹര്‍ജിയില്‍ പറയുന്നത്.‘ബില്ലുകളില്‍ എത്രയും വേഗം തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. ബില്ലുകള്‍ പിടിച്ചുവച്ചിരിക്കുന്നത് ഭരണഘടന ലംഘനം എന്ന് കോടതി ചൂണ്ടിക്കാട്ടണം’, സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.‘ഒരു കാരണവും കൂടാതെ ചില ബില്ലുകള്‍ രണ്ട് കൊല്ലത്തിലധികമായി ഗവര്‍ണര്‍ പിടിച്ചു വച്ചിരിക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് നടപടി എടുക്കാനുള്ള പൊതുജനാരോഗ്യ ബില്ലും തടഞ്ഞു വച്ചിരിക്കുന്നതില്‍ ഉണ്ട്. ഇത് ഭരണഘടനയുടെ ഉറപ്പാക്കുന്ന തുല്യത. ജീവിക്കാനുള്ള അവകാശം എന്നിവ ഹനിക്കുന്നതാണ്. ഗവര്‍ണര്‍ തന്നിഷ്ടപ്രകാരമുള്ള നടപടിയിലൂടെ ഭരണഘടന അട്ടിമറിക്കുന്നു. ഈ വിഷയത്തില്‍ ഗവര്‍ണര്‍ കോടതിയോട് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്’ , സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *