വെള്ളക്കെട്ട്: വേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മന്ത്രി ആന്റണി രാജു സന്ദർശിച്ചു

Spread the love

വേളി ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് സന്ദർശിച്ച മന്ത്രി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അജിത്ത്.എസ്, തിരുവനന്തപുരം തഹസിൽദാർ (എൽ.ആർ) കെ.ജി മോഹൻ ഉൾപ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഒക്ടോബർ 15ന് ജില്ലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ പതിനഞ്ചോളം സ്ഥാപനങ്ങളിൽ വെള്ളം കയറിയിരുന്നു. വെള്ളം ഒഴുകി പോകാത്തതിനാൽ ചില സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ, വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് യോഗം നിർദേശം നൽകി. വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ച് സമഗ്രപഠനം നടത്തുന്നതിന് ഉദ്യോഗസ്ഥതല സംയുക്ത സമിതിയെ മന്ത്രി ചുമതലപ്പെടുത്തി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയമോഹൻ.വി, തിരുവനന്തപുരം തഹസിൽദാർ (എൽ.ആർ), ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, പൊതുമരാമത്ത് വകുപ്പ്, മേജർ, മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ ഉൾപ്പെടുന്ന ജോയിന്റ് കമ്മിറ്റി നവംബർ 10ന് മുൻപായി റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. പ്രദേശവാസികളുടെ കൂടി അഭിപ്രായം ശേഖരിച്ചാകണം റിപ്പോർട്ട് തയാറാക്കേണ്ടതെന്നും മന്ത്രി നിർദേശിച്ചു. ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അസോസിയേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ ട്രാവൻകൂർ ടൈറ്റാനിയം മാനേജിങ് ഡയറക്ടർ ജോർജി നൈനാൻ, വ്യവസായ പാർക്ക് അസോസിയേഷൻ പ്രസിഡന്റ് പീറ്റർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *