ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റിലെ ആദ്യ ടെസ്റ്റില്‍ കങ്കാരുക്കളെ എറിഞ്ഞൊതുക്കി വിജയം സ്വന്തമാക്കാന്‍ ഇന്ത്യ
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റിലെ ആദ്യ ടെസ്റ്റില്‍ കങ്കാരുക്കളെ എറിഞ്ഞൊതുക്കി വിജയം സ്വന്തമാക്കാന്‍ ഇന്ത്യ. പടുകൂറ്റന്‍ ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 12 റണ്‍സ് എടുക്കുന്നതിനിടെ ആതിഥേയരുടെ മൂന്ന് വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് രണ്ട് വിക്കറ്റുകളും കൊയ്തത്. സിറാജിനാണ് ഒരു വിക്കറ്റ്.
ഏഴ് വിക്കറ്റ് കൈയിലുള്ള ഓസീസിന് ജയിക്കാന്‍ 522 റണ്‍സാണ് വേണ്ടത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഓപണര്‍ യശസ്വി ജയ്‌സ്വാളിന് പുറമെ വിരാട് കോലിയും സെഞ്ചുറി നേടി. ആറ് വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍ ആണ് ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ നേടിയത്. 533 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. കോലി (100), അരങ്ങേറ്റ താരം നിതിഷ് കുമാര്‍ റെഡ്ഢി (38) എന്നിവരായിരുന്നു ഡിക്ലയര്‍ ചെയ്യുമ്പോള്‍ ക്രീസില്‍. അതേസമയം, റിഷഭ് പന്ത് നിരാശപ്പെടുത്തി. ഓപണര്‍ യശസ്വി ജയ്സ്വാള്‍ 161ഉം കെഎല്‍ രാഹുല്‍ 77ഉം റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കല്‍ 25 റണ്‍സാണെടുത്തത്. അരങ്ങേറ്റതാരം ധ്രുവ് ജുറെലിനും തിളങ്ങാനായില്ല. നഥാന്‍ ല്യോന്‍ രണ്ട് വിക്കറ്റെടുത്തു.
ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 150 റണ്‍സ് നേടിയിരുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് 104 റണ്‍സില്‍ ഒതുങ്ങി. 18 ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് ആദ്യ ഇന്നിങ്സില്‍ കങ്കാരുക്കളുടെ കഥ കഴിച്ചത്. അരങ്ങേറ്റ താരം ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി. ഓസീസ് ബാറ്റിങ് നിരയില്‍ കാര്യമായ ചെറുത്തുനില്‍പ്പുകളുണ്ടായിരുന്നില്ല.