രാജിവെയ്ക്കുമെന്ന് രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി അംഗങ്ങളെ അറിയിച്ചു

Spread the love

കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാജിവെയ്ക്കുമെന്ന് അറിയിച്ച് ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ രഞ്ജിത്ത്. ഇന്നോ നാളെയോ രാജിവെയ്ക്കുമെന്ന് ചലച്ചിത്ര അക്കാദമി അംഗങ്ങളെ രഞ്ജിത്ത് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. യുവനടിയുടെ ലൈംഗിക ആരോപണത്തില്‍ താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന നടന്‍ സിദ്ദിഖ് രാജിവെച്ചതിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ന് തന്നെ രഞ്ജിത്ത് രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്.വയനാട്ടില്‍നിന്നും ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങിയെത്തിയ രഞ്ജിത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാജിക്കത്ത് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രഞ്ജിത്ത് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനത്തതോടെ കോഴിക്കോട് ചാലപ്പുറത്തുള്ള രഞ്ജിത്തിന്റെ വീടിന് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്നലെ അറസ്റ്റ് ആവശ്യപ്പെട്ടു രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു.പ്രതിഷേധം കനത്തതോടെ, ഔദ്യോഗിക വാഹനത്തിലെ ബോര്‍ഡ് ഊരിമാറ്റിയാണ് വയനാട്ടില്‍നിന്നും കോഴിക്കോട്ടെ വസതിയിലേക്ക് രഞ്ജിത്ത് മടങ്ങിയത്. ഇതോടെയാണു രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഇന്നലെ മുതല്‍ പ്രചരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *