കാമുകനൊപ്പം ജീവിക്കാൻ സ്വന്തം മകനെ കടലിലെറിഞ്ഞ് കൊന്നു; ശരണ്യക്ക് ജീവപര്യന്തം
കണ്ണൂർ: ഒന്നര വയസുള്ള സ്വന്തം മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കണ്ണൂർ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയെയാണ് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ശിക്ഷ വിധിച്ചത്. 2020 ഫെബ്രുവരി 17നാണ് ശരണ്യ ഒന്നര വയസുകാരൻ വിയാനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയത്.രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു. ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റാരോപണങ്ങൾ തെളിയിക്കാനായില്ലെന്നു കോടതി കണ്ടെത്തി. ഇക്കാര്യത്തിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച പറ്റിയെന്നും കോടതി വിലയിരുത്തി.തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞാണ് യുവതി മകനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന് പിന്നീട് ഇവർ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവിൽ ശരണ്യയുടെ വീട്ടിൽനിന്ന് 50 മീറ്റർ അകലെയുള്ള കടൽ ഭിത്തിയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.സംഭവത്തിൽ കുട്ടിയുടെ അച്ഛൻ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസിൽ പരാതി നൽകി. ശരണ്യക്കെതിരെ പ്രണവും പൊലീസിനെ സമീപിച്ചു. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യയാണു കൊലയാളിയെന്ന് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ശരണ്യ പറഞ്ഞത്.

