ഹമാസിനെതിരായ യുദ്ധം കൂടുതല്‍ ശക്തമാക്കും; മുന്നറിയിപ്പുമായി ഇസ്രായേല്‍
ജറുസലേം: ഹമാസുമായുള്ള യുദ്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രായേല്‍. ഇതോടെ ഗാസക്കാര്‍ ബോംബാക്രമണം നടന്ന ആശുപത്രികളില്‍ അഭയം തേടിയിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്ക തടഞ്ഞതിന് തൊട്ടുപിന്നാലെ ശനിയാഴ്ചയാണ് ഇസ്രായേല്‍ നയം വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ ഗാസയിലെ മാനുഷ്യര്‍ ഒരു മഹാദുരന്തത്തെ അഭിമുഖീകരിക്കുകയാണെന്നും രോഗവും പട്ടിണിയും മൂലം വലയുന്ന അവസ്ഥയിലാണെന്നും എയ്ഡ് ഗ്രൂപ്പുകള്‍ പറയുന്നു. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചുരുങ്ങിയത് 17,700 പേര്‍ മരിച്ചെന്നാണ് കണക്ക്. രണ്ട് മാസത്തിനുള്ളില്‍ മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.വെള്ളിയാഴ്ച വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുമായിരുന്ന യുഎന്‍ പ്രമേയം വാഷിംഗ്ടണ്‍ വീറ്റോ ചെയ്തിരുന്നു. ഈ നീക്കത്തെ പാലസ്തീന്‍ അതോറിറ്റിയും ഹമാസും അതുപോലെ മാനുഷ്യാവകാശ ഗ്രൂപ്പുകളും ശക്തമായി അപലപിച്ചു.