ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സംസാരിച്ചാല്‍ മതം നോക്കി വേട്ടയാടുന്നു: ആരിഫ് എം പി

Spread the love

ആലപ്പുഴ : ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സംസാരിച്ചാല്‍ പറയുന്ന കാര്യത്തിന്റെ ന്യായമല്ല, പറയുന്നയാളിന്റെ ജാതിയും മതവും നോക്കി വിവാദമാക്കുകയും ചാപ്പകുത്തി വേട്ടയാടുകയും ചെയ്യുകയാണെന്ന് എ എം ആരിഫ് എം പി.കാര്‍മല്‍ ഹാളില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമീഷന്റെ ഏകദിന ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി ന്യൂനപക്ഷ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ ഒരു രൂപ പോലും ജില്ലാ ഭരണകൂടം ചെലവഴിച്ചില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും എ എം ആരിഫ് ചൂണ്ടിക്കാട്ടി.വീഴ്ചകള്‍ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ തങ്ങള്‍ക്കുള്ള അധികാരം വിനിയോഗിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കാര്യങ്ങള്‍ തുറന്നു പറയാന്‍ ഭയമാണെന്നും സത്യം തുറന്നു പറയാന്‍ ഭയപ്പെടേണ്ട കാലമാണിതെന്നും ആരിഫ് പറഞ്ഞു.ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി ഒന്നിച്ച് നില്‍ക്കേണ്ട ന്യൂനപക്ഷങ്ങള്‍ നിസാര പ്രശ്നങ്ങളുടെ പേരില്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ചോര കുടിക്കുന്നത് ആരാണെന്ന് ചിന്തിക്കം.എന്നാല്‍ അങ്ങനെ ചിന്തിക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന് ആരിഫ് എം പി പറഞ്ഞു.ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ എ എ റഷീദ് അധ്യക്ഷത വഹിച്ചു.കമീഷന്‍ അംഗങ്ങളായ എ സൈഫുദ്ദീന്‍ ഹാജി, പി റോസ എന്നിവര്‍ ക്ഷേമപദ്ധതികളെ കുറിച്ച് ക്ലാസ്സെടുത്തു.സംഘാടകസമിതി ചെയര്‍മാന്‍ സയ്യിദ് എച്ച് അബ്ദുന്നാസിര്‍ തങ്ങള്‍, കണ്‍വീനര്‍ ഫാ. തോമസ് താന്നിയത്ത്, ഫാ. ജയിംസ് കൊക്കാവയലില്‍, പാസ്റ്റര്‍ സി എം മാത്യു, ഫാ. സേവ്യര്‍കുടിയാംശ്ശേരി, നവാസ് ജമാല്‍, ഫാ. സിറിയക് കോട്ടയില്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *