ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുവാൻ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇന്ത്യ മുന്നണിയിൽ തർക്കം

Spread the love

ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുവാൻ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇന്ത്യ മുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. സഖ്യത്തിന്റെ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം നടക്കുന്നത്. നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിയു രംഗത്തെത്തി. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഇന്ന് വൈകീട്ട് ചേരുമെന്നാണ് വിവരം. യോഗത്തില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.നേരത്തേയും, നേതാക്കൾക്കിടയിൽ ഇത്തരത്തിലുള്ള തർക്കം നിലനിന്നിരുന്നു. പ്രധാന നേതാക്കള്‍ പങ്കെടുക്കില്ലെന്നറിയിച്ചതോടെ ഇന്ന് കോണ്‍ഗ്രസ് വിളിച്ച വിശാല യോഗം മാറ്റി വെച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന സാഹചര്യത്തിൽ വിലയിരുത്തലിനായാണ് ബിജെപി ഇതര മഹാസഖ്യമായ ഇന്ത്യ മുന്നണി യോഗം ചേരാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നത്.ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവർ ബുധനാഴ്ച നടത്താൻ നിശ്ചയിച്ച യോഗത്തിൽ വിട്ടുനിൽക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.അഞ്ചു സംസ്ഥാനങ്ങളിലും നടന്ന നിയമസഭാ തെര‍ഞ്ഞെടുപ്പിൽ സഖ്യം ഉപേക്ഷിച്ച് തനിയെ മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചത് പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നതയ്ക്ക് കാരണമായിരുന്നു. ആ ഭിന്നതയുടെ ഭാഗമായാണ് മുന്നണിയോഗത്തിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.രണ്ടാഴ്ചയ്ക്ക് ശേഷം യോഗം ചേരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.അതേസമയം 5 സംസ്ഥാനങ്ങളിലെയും ഫലം പുറത്തുവന്നതിന് പിന്നാലെ ‘ഇന്ത്യ’ സഖ്യത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ് ഇന്നലെ രംഗത്തെത്തിയിരുന്നു. ഈ തെരഞ്ഞടുപ്പ് ഫലം ഇന്ത്യ സഖ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്നാണ് സമാജ് വാദി പാർട്ടി നേതാവ് അഭിപ്രായപ്പെട്ടത്. ഇന്ത്യ സഖ്യം ശക്തിപ്പെടുമെന്നും അഖിലേഷ് പറഞ്ഞു. ബി ജെ പിയെ പുറത്താക്കാനാണ് ജനം ആഗ്രഹിക്കുന്നതെന്നും ജനം മാറ്റത്തിനു വേണ്ടി വോട്ട് രേഖപ്പെടുത്തുമെന്നും എസ് പി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *