ചൈനയില്‍ കോവിഡ് തരംഗം ഗുരുതര നിലയിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ച
ബെയ്ജിങ്ങ്: ചൈനയില്‍ കോവിഡ് തരംഗം ഗുരുതര നിലയിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പ്രതിദിനം ഒരു ദശലക്ഷത്തോളം പുതിയ കൊവിഡ് രോഗികളും അയ്യായിരത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായാണ് വാര്‍ത്ത. കൊവിഡിന്റെ പുതിയ വകഭേദം ഭീഷണി മുഴക്കുന്ന സാഹചര്യത്തിലാണ് ഗുരുതര സ്ഥിതിവിശേഷമെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്നത്.
പുതിയ കണക്കുകള്‍ പ്രകാരം 140 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് കൊവിഡ് വലിയ പ്രത്യാഘാതങ്ങള്‍ ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നിലവിലെ കൊവിഡ് തരംഗത്തിലെ പ്രതിദിന കേസുകള്‍ ജനുവരിയില്‍ 3.7 ദശലക്ഷമായി ഉയരാനും സാധ്യതയുണ്ട്. ഡിസംബർ തുടക്കം മുതൽ പത്തിൽ താഴെ മാത്രം കോവിഡ് മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നാണ് സർക്കാർ കണക്ക്.
എന്നാൽ ആശുപത്രികളിലെ രോഗികളുടെ തിരക്കും ശ്മശാനങ്ങളിലെ തിരക്കും സർക്കാർ കണക്കുകളുടെ വിശ്വാസ്യതയില്‍ സംശയമുണ്ടാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാശ്ചാത്യരാജ്യങ്ങളേക്കാള്‍ ഫലപ്രദമായി കോവിഡിനെ പ്രതിരോധിച്ചു എന്ന തോന്നലുണ്ടാക്കാന്‍ ചൈന കോവിഡ് കണക്കുകള്‍ മറച്ചുവെക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. സീറോ കോവിഡ് നയത്തിനെതിരെ കടുത്ത പ്രതിഷേധമുണ്ടായതിന് പിന്നാലെ ചൈനയില്‍ രോഗബാധ വലിയ തോതില്‍ ഉയര്‍ന്നിരുന്നു.