മലയോരത്ത് വീടുകളിൽ നിന്ന് മോഷണം പോകുന്നത് പതിവെന്ന് നാട്ടുകാർ
ചെറുപുഴ : പൂട്ടിയിട്ട വീടുകളിൽനിന്നും റബ്ബർസംസ്കരണ പുരകളിൽ നിന്നും പാത്രങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം പോകുന്നത് മലയോരത്ത് പതിവായി. വാഹനങ്ങളിലെത്തി സ്ത്രീകളുൾപ്പെടെയുള്ള സംഘം ആക്രിപെറുക്കാനെത്തുന്നത് സംശയത്തിന് കാരണമാകുന്നു. കഴിഞ്ഞദിവസം മരുതംപാടിയിലെ നരിമറ്റം സിബിയുടെ വീട്ടിൽനിന്നാണ് സാധനങ്ങൾ മോഷണം പോയത്.കുറച്ചുനാളായി സിബി മുതുവത്ത് വാടകവീട്ടിലാണ് താമസം. ജലക്ഷാമം കാരണം മരുതുംപാടിയിലെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ സിബി മരുതുംപാടിയിലെ വീട്ടിലെത്തിയപ്പോൾ കതക് തുറന്നുകിടക്കുന്നതായി കണ്ടു.പരിശോധനയിൽ വീട്ടിനുള്ളിൽ നിന്ന് ഓട്ടുരുളി ഉൾപ്പെടെയുള്ള ഓട്ടുപാത്രങ്ങളും ചെമ്പുകലങ്ങളും മേൽക്കൂര മേയാൻ കൊണ്ടുവന്ന 12 അലൂമിനിയം ഷീറ്റുകളും മറ്റും മോഷണം പോയതായി കണ്ടു. സമീപത്തെ പല വീടുകളിൽനിന്നും സാധനങ്ങൾ മോഷണം പോയിട്ടുണ്ട്. ചെറുപുഴ പോലീസിൽ പരാതി നൽകി.