മണിപ്പൂരില്‍ നിന്ന് വന്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് സുരക്ഷാ സേന
സംഘര്‍ഷം തുടരുന്നതിനിടെ മണിപ്പൂരില്‍ നിന്ന് വന്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് സുരക്ഷാ സേന. മണിപ്പൂരിലെ കാങ്ചുക് ചിങ്കോംഗ് ജങ്ഷനില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. അഞ്ച് ഷോട്ട് ഗണ്ണുകള്‍, പ്രാദേശികമായി നിര്‍മ്മിച്ച അഞ്ച് ഗ്രനേഡുകള്‍, മൂന്ന് പെട്ടി വെടിമരുന്ന് എന്നിവയാണ് ഇന്ത്യന്‍ സൈന്യം കണ്ടെടുത്തത്.സംഭവത്തില്‍ അക്രമികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും മണിപ്പൂര്‍ പോലീസിന് കൈമാറി. ‘മണിപ്പൂരിലെ കാങ്ചുക് ചിങ്കോംഗ് ജംഗ്ഷനില്‍ സ്ഥാപിച്ച മൊബൈല്‍ വെഹിക്കിള്‍ ചെക്ക് പോസ്റ്റില്‍ ചൊവ്വാഴ്ച രാത്രി 9:35 ഓടെ ഒരു മാരുതി ആള്‍ട്ടോ പരിശോധിച്ചു. അഞ്ച് ഷോട്ട്ഗണ്‍, അഞ്ച് ഇംപ്രൊവൈസ്ഡ് ഗ്രനേഡുകള്‍, മൂന്ന് പെട്ടി വെടിമരുന്ന് എന്നിവ കണ്ടെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. പിടിച്ചെടുത്ത സാധനങ്ങള്‍ക്കൊപ്പം ഇവരെ പോലീസിന് കൈമാറി’ സുരക്ഷാ സേന പ്രസ്താവനയില്‍ അറിയിച്ചു.പട്ടികവര്‍ഗ (എസ്ടി) പദവിക്ക് വേണ്ടിയുള്ള മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച്, മെയ് 3 ന് മലയോര ജില്ലകളില്‍, ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. റിസര്‍വ് വനഭൂമിയില്‍ നിന്ന് കുക്കി ഗ്രാമക്കാരെ ഒഴിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും പ്രക്ഷോഭങ്ങളിലേക്ക് നയിച്ചു.