പായസത്തിന് രുചി പോരെന്ന് പറഞ്ഞ് വിവാഹനിശ്ചയച്ചടങ്ങ് വേദിയില്‍ കൂട്ടത്തല്ല്
ചെന്നൈ: പായസത്തിന് രുചി പോരെന്ന് പറഞ്ഞ് വിവാഹനിശ്ചയച്ചടങ്ങ് വേദിയില്‍ കൂട്ടത്തല്ല്. തമിഴ്നാട്ടിലെ സീർകാഴിയിൽ ആണ് സംഭവം. മയിലാടുതുറൈ സീർകാഴി സൗത്ത് രഥ റോഡിലെ കല്യാണമണ്ഡപത്തിലാണ് പായസത്തിന്‍റെ പേരിൽ തമ്മിലടി നടന്നത്.വിവാഹനിശ്ചയച്ചടങ്ങ് വേദിയില്‍ സദ്യക്കിടെ പായസം എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ചോറുകഴിച്ച് തീരുന്നതിന് മുമ്പ് പായസം വിളമ്പിയതിന്‍റെ പേരില്‍ ചിലർ എതിരഭിപ്രായം പറഞ്ഞു. തുടർന്നുള്ള തർക്കത്തിൽ പായസത്തിന് രുചി പോരെന്ന് വരന്‍റെ ബന്ധുക്കളിൽ ചിലർ പറഞ്ഞു. ഇതോടെ ഇരുഭാഗത്തും അതിഥികൾ ചേർന്ന് തർക്കം വഷളായി. ഇതിനിടെ വരന്‍റെ ഒപ്പമെത്തിയവരിൽ ചിലർ വധുവിന്‍റെ വീട്ടുകാർക്ക് നേരെ പായസം വലിച്ചെറിഞ്ഞു. അതോടെ കൂട്ടത്തല്ലായി മാറുകയായിരുന്നു.ഭക്ഷണശാലയ്ക്കുള്ളിലെ മേശയും കസേരയുമെല്ലാം പരസ്പരം വലിച്ചെറിഞ്ഞു. തുടർന്ന് സീർകാഴി പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തേയും പിന്തിരിപ്പിക്കുകയായിരുന്നു. കല്യാണമണ്ഡപത്തിലെ കൂട്ടത്തല്ലിന്‍റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഇരുഭാഗത്തും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.