ക്രിസ്മസ് നിറവില്‍ ലോകം; തിരുപ്പിറവി ആഘോഷമാക്കി വിശ്വാസികള്‍

Spread the love

തിരുവനന്തപുരം: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടേയും സന്ദേശം ഉള്‍ക്കൊണ്ട് ഇന്ന് ക്രിസ്മസ് ……… ലോകമെങ്ങുമുള്ള പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ തുടരുന്നു.ലോകമെങ്ങുമുള്ള വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം പാതിരാ കുര്‍ബാന അര്‍പ്പിച്ചു. ക്രിസ്മസിനോടനുബന്ധിച്ച്‌ സംസ്ഥാനത്ത് പലയിടത്തും ബിജെപി നേതാക്കള്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തി. ബിജെപി നേതാവ് വി വി രാജേഷ് തിരുവനന്തപുരം പാളയം പള്ളയിലെത്തി ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തു. അതേസമയം കോണ്‍ഗ്രസ് നേതാവ് ശശി തരൂരും പാളയം പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കാളിയായി. കേരളത്തിലെ വിശ്വാസികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയര്‍ സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദര്‍ഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തില്‍ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയര്‍ക്കും ക്രിസ്മസിന്റെ നന്മ നേരുന്നു- എന്ന് മുഖ്യമന്ത്രി ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.പ്രതിപക്ഷ നേതാവ് വിഡി സതീശനും വിശ്വാസികള്‍ക്ക് ആശംസ അര്‍പ്പിച്ചു. ത്യാഗത്തിന്റെ പര്യായമാണ് ക്രിസ്തു. സഹനത്തിന്റേയും ദുരിതത്തിന്റേയും കനല്‍ വഴികള്‍ താണ്ടി മനുഷ്യന്റെ പാപത്തിന് മോചനമുണ്ടാക്കാൻ ക്രിസ്തു ദേവൻ നടത്തിയ ശ്രമങ്ങളും അദ്ദേഹത്തിന്റെ വാക്കുകളും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റയും അര്‍ത്ഥതലങ്ങള്‍ നമ്മളെ ബോധ്യപ്പെടുത്തുന്നു. പീഡാനുഭവത്തിനും കുരിശ് മരണത്തിനും ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടായത് പോലെ എല്ലാ ക്ലേശങ്ങളും സങ്കടങ്ങളും കഴിഞ്ഞ് ജീവിതത്തിന്റെ സന്തോഷ തുരുത്തിലേക്ക് തിരിച്ചു വരാമെന്ന ആത്മവിശ്വാസം നമുക്കുണ്ടാകണം. അന്ധകാരം നിറഞ്ഞ കെട്ട കാലത്ത് നമ്മുടെ മനസിലേക്കും ലോകത്തിലേക്കും ക്രിസ്തു വെളിച്ചമായി. സ്‌നേഹത്തിന്റെ പുതിയ വഴിത്താരകള്‍ ഉണ്ടാക്കാൻ, സ്നേഹം കൊണ്ട് എല്ലാവരേയും ജയിക്കാൻ ക്രിസ്തുമസ് ആലോഷങ്ങളിലൂടെ കഴിയട്ടെയെന്ന് ആശംസിക്കുന്നു. എല്ലാവര്‍ക്കും ഊഷ്മളമായ ക്രിസ്തുമസ് ആശംസകള്‍- എന്ന് അദ്ദേഹം ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *