പാർലമെന്റിൽ സുരക്ഷാ വീഴ്ചയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും

Spread the love

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ഇന്നും ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിക്കും. 92 എംപിമാരുടെ സസ്‌പെന്‍ഷന്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധിക്കുക. സഭയ്ക്കുള്ളിലെ ഭൂരിഭാഗം പ്രതിപക്ഷ എംപിമാരെയും പുറത്താക്കിയ സാഹചര്യത്തില്‍ ക്രിമിനല്‍ നിയമങ്ങളുടെ പേരുമാറ്റം ഉള്‍പ്പെടെയുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കിയെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് ആരോപണം ഉയരുന്നുണ്ട്.സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട 92 എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കും. സുരക്ഷ വീഴ്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ സംസാരിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. രാജ്യസഭയിലെയും ലോക്‌സഭയിലെയും 46 വീതം എംപിമാരാണ് സഭയില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നടപടി നേരിടുന്നത്.പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം വെള്ളിയാഴ്ച അവസാനിക്കാനിരിക്കവേയാണ് ഇരു സഭാ അധ്യക്ഷന്‍മാരും കടുത്ത നടപടികളിലേക്ക് കടന്നത്. അതേ സമയം ബില്ലുകളില്‍ ചര്‍ച്ചയുണ്ടാകാതിരിക്കാനാണ് സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായതെന്ന് ഇന്‍ഡ്യ മുന്നണി നേരത്തെ ആരോപിച്ചിരുന്നു. ക്രിമിനല്‍ നിയമങ്ങളുടെ പേര് മാറ്റുന്ന ബില്ലുകള്‍ ഉള്‍പ്പെടെ 7 ബില്ലുകളാണ് ഇന്ന് ലോക്‌സഭയുടെ പരിഗണനയില്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *