ദേശീയതലത്തിലെ ബി.ജെ.പി വിരുദ്ധ ചേരിയായ ഇന്ത്യ മുന്നണിയുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും
ന്യൂഡല്‍ഹി: ദേശീയതലത്തിലെ ബി.ജെ.പി വിരുദ്ധ ചേരിയായ ഇന്ത്യ മുന്നണിയുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് യോഗം. യോഗത്തിനായി മമതാ ബാനര്‍ജി, എം.കെ സ്റ്റാലിനടക്കമുള്ള നേതാക്കള്‍ ഇന്നലെ ഡല്‍ഹിയിലെത്തി.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയിലെ സീറ്റ് വിഭജനം, മുന്നണിയുടെ ദര്‍ശനരേഖ എന്നിവയടക്കമുളള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും. നിയമസഭ തെരഞ്ഞെടുപ്പുകള്‍ മൂലംനിര്‍ത്തിവച്ചിരുന്ന യോഗം 3 മാസത്തെ ഇടവേളയ്ക്കു ശേഷമാണു വീണ്ടും ചേരുന്നത്. രൂപീകരണശേഷമുള്ള ഇന്ത്യ മുന്നണിയുടെ നാലാം യോഗമാണിത്. രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്‍ഡ്യ മുന്നണി യോഗം ചേരുന്നത്.അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികളോട് സ്വീകരിച്ച സമീപനവും യോഗത്തില്‍ ചര്‍ച്ചയാകും. നേരത്തെ സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ് എന്നീ പാര്‍ട്ടികള്‍ കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഹിന്ദി ഹൃദയഭൂമിയില്‍ തോറ്റതോടെ പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം മമത ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, അഖിലേഷ് യാദവ് അടക്കമുള്ളവര്‍ ചോദ്യം ചെയ്യുമോ എന്നതാണ് ഉറ്റ് നോക്കുന്നത്. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്നാണു മറ്റു കക്ഷികളുടെ നിലപാട്.