പഞ്ചായത്തംഗത്തിന്റെ വീട്ടിൽ കയറി കത്തികാട്ടി മർദ്ദനം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ
കാട്ടാക്കട: പഞ്ചായത്തംഗത്തിന്റെ വീട്ടിൽ കയറി കത്തികാട്ടി മർദ്ദനം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. സംഭവുമായി ബന്ധപ്പെട്ട് സുരേഷ്, ശ്രീകാന്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വിളപ്പിൽ പഞ്ചായത്തിലെ പടവൻകോട് വാർഡംഗം അനീഷിന്റെ വീട്ടിലാണ് അയൽവാസികളെത്തി ഭീഷണിമുഴക്കുകയും മർദ്ദിക്കുകയും ചെയ്തത്. അനീഷിന്റെ വീടിന്റെ അയൽപക്കത്ത് താമസിക്കുന്ന ഇവർ മദ്യപിച്ച് ബഹളം വയ്ക്കുന്നത് പതിവായിരുന്നു. ഇത് സംബന്ധിച്ച് വാർഡംഗം വിളപ്പിൽശാല പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇവർ രാത്രിയിൽ കത്തിയുമായി വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും അനീഷിനെ മർദ്ദിക്കുകയും ചെയ്തത്. ഈ സംഭവത്തിൽ വാർഡംഗം അനീഷിനും പ്രതിയായ സുരേഷിനും പരിക്ക് പറ്റിയിരുന്നു. തുടർന്നാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ പരിക്കേറ്റ സുരേഷിന്റെ മൊഴിയിലും പൊലീസ് കേസടുത്തു.വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേഷ്കുമാർ, എസ്ഐമാരായ ആശീഷ്, ബൈജു, സിപിഒമാരായ പ്രദീപ്, വിഷ്ണു എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.