എന്‍റെ കേരളം മെഗാ പ്രദർശന വിപണന മേളയ്ക്ക് തുടക്കമാകുന്നു
കൽപ്പറ്റ : സംസ്ഥാന സർക്കാരിന്‍റെ രണ്ടാം വാർഷികത്തോട നുബന്ധിച്ചുള്ള എന്‍റെ കേരളം മെഗാ പ്രദർശന വിപണന മേളയ്ക്ക് തുടക്കമാകുന്നു. കൽപറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 5-ന് മന്ത്രി എ. കെ. ശശീന്ദ്രൻഉദ്ഘാടനം നിർവഹിക്കും. ഏപ്രിൽ 24 മുതൽ 30 വരെ തുടരുന്ന മേളയിൽ സെമിനാറുകൾ, കലാപരിപാടികൾ തുടങ്ങിയവയും ഉണ്ടാകും. രാവിലെ 10.30 മുതൽ രാത്രി എട്ടു മണി വരെയാണു പ്രദർശനത്തിൽ പ്രവേശനം.വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണു സെമിനാറുകൾ നടക്കുക. ഏപ്രിൽ 25 രാവിലെ 10-നു കാലാവസ്ഥ വ്യതിയാനം മൃഗസംരക്ഷണ മേഖലയിലെ പ്രതിസന്ധികൾ ( മൃഗസംരക്ഷണ വകുപ്പ് ), ഉച്ചയ്ക്ക് 2-നു മണ്ണു സംരക്ഷണം നീർത്തടാധിഷ്ഠിത വികസനം മണ്ണിന്‍റെ ആരോഗ്യം ( മണ്ണു സംരക്ഷണ വകുപ്പ്) എന്നീ വിഷയങ്ങളിലും, 26ന് രാവിലെ 10-ന് രജതജൂബിലി നിറവിൽ കുടുംബശ്രീ, ഉച്ചയ്ക്ക് 2-ന് ഹോമിയോപ്പതി പദ്ധതികൾ സാധ്യതകൾ, ഒപ്പമുണ്ട് ഹോമിയോപ്പതി എന്നീ വിഷയങ്ങളിലും സെമിനാർ നടക്കും. 27-ന് രാവിലെ 10-ന് ശുചിത്വ മാലിന്യ സംസ്കരണം സാധ്യതകൾ വെല്ലുവിളികൾ( തദ്ദേശ സ്വയം ഭരണ വകുപ്പ്), ഉച്ചയ്ക്ക് 2-ന് സുസ്ഥിര സാഹസിക വിനോദ സഞ്ചാരവും വയനാടും ( ഡിടിപിസി), 28-നു രാവിലെ 10-നു ശിശു സംരക്ഷണ പദ്ധതികൾ, നിയമങ്ങൾ, സ്ത്രീ സുരക്ഷാനിയമങ്ങൾ ( വനിതാ ശിശുവികസന വകുപ്പ് ), ഉച്ചയ്ക്ക് 2-നു വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരോടുള്ള പ്രതിബദ്ധത ( സാമൂഹ്യ നീതിവകുപ്പ് ) എന്നീ വിഷയങ്ങളിലും സെമിനാറുണ്ടാകും. ഫിഷറീസ് വകുപ്പിന്‍റെ മൂല്യ വർദ്ധിത മത്സ്യ ഉത്പന്നങ്ങൾ, മത്സ്യസംസ്കരണം എന്ന വിഷയത്തിലുള്ള സെമിനാർ 29നു രാവിലെ 10നും, ഉച്ചയ്ക്ക് 2-ന് പട്ടിക വർഗ വികസന വകുപ്പിന്‍റെ ആധുനിക വിദ്യാഭ്യാസം ആദിവാസി സമൂഹം എന്ന വിഷയത്തിലുള്ള സെമിനാറും നടക്കും. 30 രാവിലെ 10ന് നല്ല ശീലം, യോഗാ ഡാൻസ്, ജീവിതശൈലി രോഗപ്രതിരോധം ( ഭാരതീയ ചികിത്സാ വകുപ്പ്) എന്നീ വിഷയത്തിലും സെമിനാറുണ്ടാകും.ഏപ്രിൽ 24 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 6.30നു കലാപരിപാടികളും അരങ്ങേറും. ഏക് ജാ ഗാലാ മ്യൂസിക് ഫെസ്റ്റ്, ഇശൽ നൈറ്റ്, സോൾ ഓഫ് ഫോക്ക്, കൊച്ചിൻ കലാഭവൻ മെഗാ ഷോ, അക്രോബാറ്റിക് ഷോ, ഉണർവ് നാട്ടുത്സവം, ഷഹബാസിന്‍റെ ഗസൽ, തുടിതാളം നാടൻ കലാമേള, ആൽമരം മ്യൂസിക് ബാൻഡ് എന്നീ കലാപരിപാടികളാണ് അവതരിപ്പിക്കപ്പെടുക.ഏപ്രിൽ 30നു വൈകിട്ട് 6.30നു നടക്കുന്ന സമാപന സമ്മേളനം മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിക്കും.