തമിഴ്നാട്ടിലെ ജോലി സമയം 12 മണിക്കൂറായി ഉയർത്തുന്നതിനെതിരെ വൻ പ്രതിഷേധം
ചെന്നൈ: തമിഴ്നാട്ടിലെ ജോലി സമയം 12 മണിക്കൂറായി ഉയർത്തുന്നതിനെതിരെ വൻ പ്രതിഷേധം. നിയമസഭ പാസാക്കിയ ബില്ലിലൂടെ ആഴ്ചയിൽ 4 ദിവസം ജോലിയും മൂന്നു ദിവസം അവധിയും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം.1948 ഫാക്‌ടറി നിയമത്തിൽ 65(a) എന്ന ചുതിയ ചട്ടം ഉൾപ്പെടുത്തുന്ന ബില്ലാണ് തമിഴ്നാട് നിയമസഭ കഴിഞ്ഞദിവസം പാസാക്കിയത്. ഇത് പ്രകാരം 8 മണിക്കൂറിൽ നിന്ന് ജോലി സമയം 12 മണിക്കൂറായി ഉയർത്താം. അങ്ങനെ ആഴ്ചയിൽ 48 മണിക്കൂർ എന്ന നിബന്ധന നിലനിൽക്കുമെന്നും അതിലൂടെ 4 ദിവസം ജോലിയും 3 ദിവസം അവധിയും ലഭ്യമാകുമെന്ന് തൊഴിലാളി ക്ഷേമ വകുപ്പ് മന്ത്രി സി വി ഗണേശൻ പറഞ്ഞു.അതേസമയം, ഏട്ട് മണിക്കൂർ കഴിഞ്ഞ് പണിയെടുത്താൽ ശമ്പളത്തിന്‍റെ 20 ശതമാനം നൽകിയാൽ മതിയെന്ന ചട്ടം നിലനിൽക്കുന്നുണ്ട്. ഇത് സ്ത്രീകളടക്കമുള്ള തൊഴിലാളികളുടെ മാസവേതനത്തെ ബാധിക്കുമെന്നും അവധിയുള്ള ദിവസങ്ങളിൽ മറ്റ് ജോലിക്ക് പോകേണ്ടിവരുമെന്നും പ്രതിപക്ഷം ആരോപിച്ചു. മുന്നണിയിൽ നിന്നടക്കം പ്രതിഷേധം ഉയർന്നതോടെയാണ് ബില്ല് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.