അച്ഛനെയാണെനിക്കിഷ്‌ടം
മുഹമ്മദ് കൊച്ചാലുംമൂട്
ഉണ്ണിക്കുട്ടന്റെ വിഷണ്ണമായ മുഖം കണ്ടപ്പോൾ അരുണയുടെ ഉള്ളിൽ തേങ്ങൽ പൊട്ടി. പക്ഷെ അവ പുറത്തേയ്ക്കു അണപൊട്ടാതെ അവൾ അടക്കിപ്പിടിച്ചു..
മകന്റെ മുന്നിൽ താൻ തളർന്നു പോയാൽ അവന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ വിഷമിക്കും. മുഖം പ്രസന്നഭരിതമാക്കി മകന്റെ മുടിയിഴകളിൽ വാത്സല്യത്തോടെ തലോടിക്കൊണ്ട് നെറ്റിയിൽ ഉമ്മ വച്ചു അവൾ.. എന്നിട്ട് മകന്റെ ചുമലിൽ തട്ടി സമാധാനിപ്പിച്ചു…
” മോൻ വിഷമിക്കണ്ടട്ടോ.. മോന്റെ അച്ഛൻ ഉടനെത്തും.. കൈ നിറയെ സമ്മാനങ്ങളുമായി അച്ഛൻ വരുമ്പോൾ നമുക്ക് അച്ഛനോടൊപ്പം മോന്റെ സ്കൂളിൽ പോയി കൂട്ടുകാരേം ടീച്ചറിനേം ഒക്കെ കാണാംട്ടോ.. “
അവളുടെ സമാധാന വാക്കുകൾ കേട്ടിട്ടൊന്നും അവന്റെ മുഖം തെളിഞ്ഞില്ല.. കുഞ്ഞു മിഴികളിൽ നീര് പൊടിഞ്ഞു അവ കൂടുതൽ നനവാർന്നു.. എപ്പോഴും പറ്റിക്കാറുള്ള അമ്മയുടെ വാക്കുകൾ അവനിൽ പ്രേത്യേകിച്ചു ഒരു ആശ്വാസവും നൽകിയില്ല.. മകന്റെ നിറഞ്ഞൊഴുകുന്ന കവിൾത്തടങ്ങൾ തുടച്ചു തന്റെ മടിയിൽ കിടത്തി ആ ശിരസ്സിൽ കൈവിരലുകൾ കൊണ്ട് താളം നൽകി അവനെ സമാധാനിപ്പിക്കുവാൻ ഒരു പാഴ്ശ്രമം നടത്തുമ്പോൾ അവൾ ഓർത്തു..
ഉണ്ണിക്കുട്ടന്റെ മാസങ്ങളായുള്ള ആവശ്യമാണ്.. അവനു അവന്റെ അച്ഛനെ കാണണം എന്നത്. എല്ലാ കൂട്ടുകാരുടെയും അച്ഛനും അമ്മയും സ്കൂളിലെ എല്ലാ ഫങ്ഷനും എത്തിച്ചേരുന്നു.. തന്റെ പേരെന്റ്സ് മാത്രം ഒന്നിനും പങ്കെടുക്കുന്നില്ലല്ലോ എന്ന് കൂട്ടുകാർ കളിയാക്കുമ്പോൾ അവന്റെ കുഞ്ഞു ഹൃദയം നീറൂം. സ്കൂൾ വിട്ട് ഓടിവന്നു അമ്മയോട് സങ്കടം പറയും.
. അച്ഛൻ അങ്ങ് ദൂരെ ഒരിടത്തു ജോലിക്ക് പോയിരിക്കുന്നു എന്നാണ് അവനെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. അവിടെ ജോലിത്തിരക്ക് ഒഴിയുമ്പോൾ അച്ഛൻ നമ്മളെ കാണാൻ എത്തുമെന്നും കൈ നിറയെ സമ്മാനങ്ങൾ കൊണ്ട് വരുമെന്നും പറഞ്ഞു അവനെ എത്രയോ ദിവസങ്ങളിൽ ഇതുപോലെ ആശ്വസിപ്പിച്ചിരിക്കുന്നു..
ജനിച്ചന്ന് മുതൽ ഉണ്ണിക്കുട്ടനെ പിരിഞ്ഞൊരു ദിവസമില്ല. എങ്കിലും തന്നെക്കാളും അവനിഷ്‌ടം ഇതുവരെ കണ്ടിട്ടില്ലാത്ത അവന്റെ അച്ഛനോട് തന്നെ.അച്ഛനെയാണെനിക്കിഷ്‌ടം അമ്മയേക്കാൾ എന്ന് പലവുരു അവൻ അച്ഛന്റെ ഫോട്ടോ നോക്കി മിക്കപ്പോഴും പറയാറുണ്ട്..
കരഞ്ഞു തളർന്ന മനസ്സോടെ അവന്റെ കണ്ണുകൾ അടഞ്ഞു.. സ്കൂൾ ഡ്രസ്സ് മാറ്റാതെ തന്നെ അവനെ കട്ടിലിൽ കൊണ്ട് കിടത്തി.. കുറച്ചു നേരം അവന്റെ വാടിത്തളർന്ന മുഖത്തേക്കും ക്കൈയ്യിലിരിക്കുന്ന അവന്റെ അച്ഛന്റെ ഫോട്ടോയിലേക്കും അവൾ നിർന്നിമേഷയായി നോക്കിനിന്നു..
മകന്റെ മുഖം കാണുംതോറും അവൾക്ക് ഹരികൃഷ്ണനെ ഓർമ വന്നു.. ഹരിയേട്ടന്റെ അതെ രൂപം വാർത്തു വച്ചത് പോലെയാണ് ഉണ്ണിക്കുട്ടനെന്നു അവൾ ചിന്തിച്ചു..
അവന്റെ ഓമനത്വം തുളുമ്പുന്ന വദനത്തിൽ തലോടുമ്പോൾ ഹരിയേട്ടന്റെ സാമിപ്യം തന്നെ പൊതിയുന്നതായി അവൾക്ക് അനുഭവപെട്ടു.. ഒരു കാറ്റുപോലെ തഴുകി വന്ന ആ സ്നേഹ സമൃദ്ധമായ സാമിപ്യം അവളെ ഓർമ്മകളുടെ പിന്നാമ്പുറത്തേയ്ക്
കൊണ്ട് പോയി..
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഹരികൃഷ്ണനെ ആദ്യമായി കാണുന്നത്.. ഹരി അന്ന് കോളേജിൽ തന്റെ സീനിയർ ആയിരുന്നു.. പാർട്ടി പ്രവർത്തനവും മറ്റുമായി എപ്പഴും ആകെ സജീവമായിരുന്നു ഹരി.. ചുറുചുറുക്കോടെ ഏത് കാര്യത്തിനും എപ്പോഴും ഓടിനടക്കുന്ന ഹരിയെ ആരും ഒന്നു ശ്രദ്ധിച്ചു പോകും..
വിനയവും ലാളിത്യവും നിറഞ്ഞ ഹരിയുടെ പെരുമാറ്റം അദ്ദേഹത്തിന് ഒരുപാട് സുഹൃത്തുക്കളെ സമ്മാനിച്ചു. കോളേജിലെ മിക്ക പ്രവർത്തനങ്ങളിലും വ്യാപൃതനായിരുന്നു. അതോടൊപ്പം പഠിക്കാനും സമർത്ഥനായിരുന്നു ഹരി..
അത്യാവശ്യം കലാവാസനയുള്ള തന്നെ മാഗസിൻ എഡിറ്റർ ആയി നോമിനേറ്റ് ചെയ്യപ്പെട്ടത് മുതലാണ് ഹരിയുമായി കൂടുതൽ അടുക്കുന്നത്.. ആ അടുപ്പം ഒരിക്കലും പിരിയാനാവാത്ത പ്രണയമായി പരിണമിച്ചു.. ഡിഗ്രി കഴിഞ്ഞു ഹരി ഉപരിപഠനത്തിനായി മറ്റൊരു കോളേജിൽ ചേർന്നുവെങ്കിലും തങ്ങളുടെ പ്രണയം അണയാതെ നിന്നു..
വീട്ടിൽ വിവാഹാലോചനകൾ തുടങ്ങിയപ്പോഴാണ് ഹരിയുമായുള്ള സ്നേഹബന്ധത്തിന്റെ ആഴം എത്രയാണെന്ന് തിരിച്ചറിയാൻ തുടങ്ങിയത്.. ഒടുവിൽ വീട്ടുകാരോട് ഹരിയുമായുള്ള തന്റെ പ്രണയം അറിയിച്ചു..
രാഷ്ട്രീയം പണ്ടേ ഇഷ്‌ടമില്ലാത്ത അച്ഛന് ഹരിയോടൊപ്പം തന്നെ വിശ്വസിച്ചു അയക്കാൻ മനസ്സ് വന്നില്ല.. രാഷ്ട്രീയ കൊലപാതകങ്ങൾ അനസ്യൂതം നടന്നിരുന്ന അക്കാലത്തു അച്ഛന് ശരിക്കും പേടിയായിരുന്നു..മകളുടെ ജീവിതം ഒരു രാഷ്ട്രീയ പ്രവർത്തകന്റെ മുന്നിൽ പന്താടുവാൻ മാത്രം നൽകാൻ അച്ഛന് ധൈര്യം പോരായിരുന്നു..എത്രയൊക്കെ കരഞ്ഞിട്ടും കാലുപിടിച്ചിട്ടും ആ മനസ്സിൽ ഒരു മാറ്റവും വന്നില്ല.. മറ്റൊരാളുടെ മുന്നിൽ താലിക്കായി തലകുനിക്കേണ്ട അവസ്ഥ ചിന്തിക്കാനെ തനിക്കു കഴിയുമായിരുന്നില്ല..
തന്റെ വിസമ്മതം കാര്യമാക്കാതെ അച്ഛൻ പ്ലസ്ടു അദ്ധ്യാപകനുമായി തന്റെ വിവാഹം നിശ്ചയിച്ചു. ഒടുവിൽ വീട്ടുകാരെ വിഷമിപ്പിച്ചു താൻ വിവാഹത്തിനു രണ്ടു ദിവസം മുൻപ് ഹരിയേട്ടനൊപ്പം പാതിരാവിൽ ഇറങ്ങിപ്പോയി.
ഹരിയേട്ടന്റെ വീട്ടുകാർ സ്നേഹസമ്പന്നരായിരുന്നു.. അച്ഛനും അമ്മയും സ്വന്തം മകളെ പോലെ തന്നോട് പെരുമാറി.. അവർക്ക് ഇരട്ടമക്കൾ ആയിരുന്നു.. ഹരികൃഷ്ണനും.. യദുകൃഷ്ണനും.. കാഴ്ച്ചയിൽ ഹരിയും യദുവും ഒരുപോലെയായിരുന്നുവെങ്കിലും സ്വഭാവത്തിൽ യദു വ്യത്യസ്തനായിരുന്നു..
അധികം ആരോടും സംസാരിക്കാത്ത പ്രകൃതം.. ഹരിയേട്ടന്റെ സ്നേഹവും അച്ഛന മ്മമാരുടെ വാത്സല്യവും ആ വീട് സ്വർഗംപോലെയാക്കി.
ഇതിനിടെയാണ് അച്ഛന്റെമരണ വാർത്ത ഇടിത്തീ പോലെ എത്തിയത്.. ഹരിയേട്ടനെയും കൂട്ടി പൂമുഖത്തു കാലെടുത്തു വെച്ചപോഴെ അമ്മയുടെ അലർച്ച കാതിൽ വീണു..
“ഈ ഒരുമ്പെട്ടവൾ കാരണമാ അദ്ദേഹത്തിന് ഈ ഗതി വന്നത്.. ഒരിക്കലും ആ മുഖം അവളെ കാണിക്കരുത് “
അപമാനഭാരത്താലും അച്ഛനെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയാത്തതിന്റെ തീരാ വേദനയാലും അവിടുന്ന് പടിയിറങ്ങുമ്പോൾ അമ്മയുടെ വാക്കുകൾ പിന്നേം കൂരമ്പു പോലെ ഹൃദയത്തിൽ തറച്ചു..
“നീ ഒരിക്കലും ഗുണം പിടിക്കില്ലെടീ.. അച്ഛനെ കൊന്ന നീ എവിടെ പോയാലും ഗതി പിടിക്കില്ല “.. ഭർത്താവ് നഷ്‌ടപ്പെട്ട വൈധവ്യ വേദനയിൽ നിന്നുടലെടുത്ത വാക്കുകളായിരുന്നു അവയെങ്കിലും അമ്മയിൽ നിന്നായപ്പോൾ ഹൃദയം വല്ലാതെ പിടച്ചു..
എത്ര അടക്കിയിട്ടും പിടിച്ചു നിർത്താൻ കഴിയാത്ത വിഷമം ഹരിയേട്ടന്റെയും വീട്ടുകാരുടെയും സമാശ്വാസ വാക്കുകൾക്ക് മുന്നിലും കണ്ണീരായി പെയ്തു..
മാസങ്ങൾ കടന്നുപോയി.. താൻ ഒരമ്മയാകാൻ പോകുന്നുവെന്ന വാർത്ത മനസ്സിലെ എല്ലാ ദുഖവും അകറ്റി. ഹരിയേട്ടനും അച്ഛനും അമ്മയും നൽകുന്ന സ്നേഹാതിരേകത്താൽ വീർപ്പുമുട്ടിയ നിമിഷങ്ങൾ…
ഏഴു മാസം പിന്നിട്ട ഒരു രാത്രിയാണ്.. അശനിപാതം പോലെ ആ വർത്തയെത്തുന്നത്.. മുൻപ് പാർട്ടി ഓഫിസ് പരിസരത്തു ഹർത്താലുമായി നടന്ന വാക്കുതർക്കത്തിന്റെ പേരിൽ പാർട്ടി ഓഫിസിൽ നിന്നും വീട്ടിലേക്കു വരും വഴി ഹരിയേട്ടന് ആളുമാറി കുത്തേറ്റു.. ഒരു തെറ്റും ചെയ്യാത്ത ഹരിയേട്ടന്റെ ആഴത്തിലുള്ള മുറിവ് ജീവനുവേണ്ടി ഹോസ്പിറ്റൽ ഐസിയുവിൽ കിടന്നു പിടഞ്ഞു..
പ്രതീക്ഷയ്ക്കു വകയില്ലെന്നു ഡോക്ടർമാർ പറഞ്ഞ നിമിഷം അച്ഛനുമമ്മയ്ക്കുമൊപ്പം വാവിട്ടു നിലവിളിക്കാനെ കഴിയുമായിരുന്നുള്ളൂ..
ഇടയ്ക്കെപ്പോഴോ ഓർമ്മ വീണ നിമിഷം തന്നെ കാണുമ്പോൾ ഹരിയേട്ടൻ ആദ്യം പറഞ്ഞത് പിറക്കാനിരിക്കുന്ന നമ്മുടെ കുഞ്ഞിനെ പറ്റിയാണ്..
വിറയാർന്ന ചുണ്ടുകൾ വിടർത്തി ഹരിയേട്ടൻ പറഞ്ഞു. "ഞാൻ പോയാലും നമ്മുടെ കുഞ്ഞിനെ നീ നല്ലോണം നോക്കണം.. നമ്മുടെ കുഞ്ഞിന് സ്വയം തിരിച്ചറിവ് വരുന്നത് വരെ അച്ഛനില്ലാ എന്ന സത്യം ഒരിക്കലും അറിയിക്കരുത്..
“സജലങ്ങളായ കണ്ണീരിനൊപ്പം തന്റെ കൈവിരലുകളിൽ ഹരിയേട്ടൻ ഇനിയും സ്നേഹിച്ചു തീരാത്ത സ്പർശനം നൽകുമ്പോൾ അവ തണുത്തിരുന്നു..
അച്ഛൻ ഭയപ്പെട്ടത് പോലെയോ അമ്മയുടെ ശാപം പോലെയോ ആ ജീവൻ നിലയ്ക്കുമ്പോൾ ഇനിയെന്ത് എന്ന ചോദ്യചിഹ്നത്തിന് മുന്നിൽ അസ്തപ്രജ്ഞയായി നിൽക്കാനെ കഴിഞ്ഞുള്ളു..
തോരാത്ത കണ്ണീരുമായി ദിവസങ്ങൾ കഴിയുമ്പോൾ അച്ഛന്റെയും അമ്മയുടെയും പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി.. ജാതകം നോക്കാതെ വൈധവ്യ യോഗവുമായി വന്നതിനാലും, പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ദോഷം നിമിത്തവുമാണ് അവർക്ക് അവരുടെ മകനെ പെട്ടെന്ന് നഷ്‌ടപ്പെട്ടതെന്നുമുള്ള മുനവെച്ച കുത്തുവാക്കുകൾ കേട്ടു ഹൃദയം തകർന്നു..
സ്വച്ഛമായൊഴുകിയ പുഴ പെട്ടെന്ന് വറ്റിവരണ്ടത്പോലെ ജീവിതം നിശ്ചലമായി..
നിസ്സഹായയായി നിൽക്കേണ്ടി വന്ന നിമിഷങ്ങളിൽ ഭൂമി സ്വയം കുഴിഞ്ഞു അതിലേക്കു നിപതിച്ചെങ്കിലെന്ന് ആഗ്രഹിച്ചപോയ നിമിഷങ്ങൾ..
പ്രസവ വേദനയിലും ശരീരം തളരുമ്പോഴും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ അവസ്ഥ.. യദുവിന്റെ ദയവിൽ ഹോസ്പിറ്റലിലെ ലേബർ റൂമിൽ ഒരാൺ കുഞ്ഞിന് ജന്മം കൊടുക്കുമ്പോൾ നാളെ മുതൽ ഈ ഭൂമിയിൽ തന്റെ കുഞ്ഞു അനുഭവിക്കേണ്ടി വരുന്ന കഷ്‌ടപ്പാടുകൾ എത്രത്തോളമെന്നോർത്തു ചങ്കു പിടഞ്ഞു..
ഡിസ്ച്ചാർജ് ചെയ്തു ആരും വിളിക്കാൻ ഇല്ലാതെ നിസ്സഹായയായി കിടക്കുമ്പോൾ ശാപവാക്കുകൾ ഉരുവിട്ട അമ്മയുടെ രൂപം ഹോസ്പിറ്റൽ വരാന്തയിൽ തെളിഞ്ഞു.. പെറ്റ വയറിന്റെ സങ്കടം ഒരിക്കലും അസ്തമിക്കില്ലെന്ന സത്യം ആ വേദനയിലും ഒരാശ്വാസമായി തെളിഞ്ഞു..
“അച്ഛന്റെ കാലനായി വന്ന ഉണ്ണിയുടെ മുഖം കാണുന്നതേ പേടിയാണ്.. അത് കൊണ്ട് ഹരിയുടെ വീട്ടിലേയ്ക്കു ചെല്ലേണ്ട” എന്ന് അച്ഛനും അമ്മയും പറഞ്ഞത് യദു നിസ്സഹായതയോടെ വിവരിക്കുമ്പോൾ ഹരിയേട്ടന്റെ ആത്മാവ് ഇത് കണ്ടു സഹികുന്നുണ്ടാകുമോ എന്നോർത്ത് ഹൃദയം വിങ്ങി..
തറവാട്ടിൽ ആങ്ങളയുടെയും നാത്തൂന്റെയും കുത്തുവാക്കുകളും ശകാരങ്ങളും കേട്ടു മകനെ വളർത്തി.. അവർക്ക് മുന്നിൽ അമ്മയ്ക്ക് പ്രേത്യേകിച്ചൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല..
പോകാൻ മറ്റൊരിടമില്ലാത്തതു കൊണ്ട് ഒന്നും കേട്ടില്ലന്നു നടിച്ചു ജീവിച്ചു.
മകനിപ്പോൾ അഞ്ചാം ക്ലാസിലെത്തിയിരിക്കുന്നു.. ഇനിയും എത്ര നാൾ ഇങ്ങിനെ മുന്നോട്ട് പോകാനാകും.. തിരിച്ചറിവിന്റെ പ്രായം അടുക്കും തോറും ഉള്ളിൽ ആധി പെരുത്തു വരുന്നു.. മകന്റെ ചോദ്യങ്ങൾക്കു മുന്നിൽ ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല.
എത്ര കാലം അവനിൽ നിന്നും ഈ സത്യങ്ങൾ മറച്ചു പിടിക്കാൻ കഴിയും?
ഞാൻ ഒരു അനാഥൻ ആണ് എന്നറിയുന്ന നിമിഷത്തെ കുറിച്ചോർത്തു മകൻ സ്തബ്ധനാകുന്ന രംഗം ഒരുൾക്കിടിലത്തോടെ അവളെ ഞെരിച്ചു..
ചായ അടുപ്പത്തിരുന്നു തിളയ്ക്കുന്ന ശബ്ദവും അമ്മയുടെ പിറുപിറുക്കലും കേട്ടാണ് അരുണയ്ക്കു സ്ഥലകാലബോധമുണ്ടായത്.. അവൾ മകന്റെ മുഖത്തേയ്ക് കാരുണ്യത്തോടെ ഒന്ന് നോക്കിയിട്ടു അടുക്കളയിലേക് പോയി..
ഇനിയും മകനോട് എന്ത് നുണകൾ പറഞ്ഞാണ് അവനെ ആശ്വസിപ്പിക്കുക.? ഉറക്കമുണർന്നാൽ വീണ്ടും അവന്റെ ചോദ്യം ഇതുതന്നെയാവും..
തന്റെ കുഞ്ഞിനെയോ തന്നെയോ ഇതുവരെയും കാണാൻ വരാത്ത ഹരിയേട്ടന്റെ അച്ഛനെയും അമ്മയെയും ഓർത്തിട്ടു അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു..
യദു ഇതുവരെയും വിവാഹം കഴിഞ്ഞിട്ടില്ലെന്നാണ് അറിവ്.. നാളെ തനിക്കും ഇത്പോലെ സംഭവിച്ചാൽ തന്റെ ഭാര്യയും കുഞ്ഞുങ്ങളെയും നിങ്ങൾ ആട്ടിപ്പുറത്താകില്ലെ എന്ന് അധികമാരോടും സംസാരിക്കാത്ത യദുവേട്ടൻ അമ്മയോടും അച്ഛനോടും ചോദിച്ചത്രേ... അതിനവർക്ക് മറുപടിയിലായിരുന്നു വെന്ന് ഇടയ്ക്ക് ആരിൽ നിന്നോ കേട്ടറിഞ്ഞു...
അവൾ അടുക്കളയിലെത്തി. ചായ ഗ്ലാസ്സുകളിൽ പകർത്തുമ്പോഴാണ് ഉമ്മറത്തു ഏതോ വാഹനം വന്നു നിൽക്കുന്ന ശബ്ദം കേൾക്കുന്നത്..
“ആരാവും ഇ സമയത്ത്? ആങ്ങളയുടെ ഫ്രണ്ട്സും ഫാമിലിയുമാകും.. ഇടയ്ക്കു അവർ എവിടെ വരാറുണ്ട്. എങ്കിൽ താൻ അങ്ങോട്ട് പോകേണ്ട കാര്യമില്ല.. അവർക്കൊക്കെ മുന്നിൽ ആങ്ങളയ്ക്കും നാത്തൂനും ഞാനും മോനും ഒരധികപറ്റാണ്…
"മോളെ അരുണേ നീ ഇങ്ങോട്ടൊന്നു വന്നേ.. ഇതാരൊക്കെയാ ഈ വന്നിരിക്കുന്നതെന്ന് നോക്കിയേ.." അമ്മയുടെ സ്വരത്തിലെ ആശ്ചര്യവും സന്തോഷ പ്രകടനവും കേട്ട് ഉമ്മറത്തെത്തിയ അരുണ സ്തബ്ധയായി.. ഉമ്മറത്തു ഹരിയേട്ടന്റെ അച്ഛനും അമ്മയും.. കൂടെ ഹരിയുടെ പകർപ്പായ യദുവും..
ഡിസ്ച്ചാർജ് ദിവസം ഹോസ്പിറ്റലിൽ കണ്ട അവസാന കാഴ്ച്ച അവളുടെ ഓർമയിൽ വന്നു.. മുന്നിൽ യദുവിന്റെ രൂപത്തിൽ ഹരിയേട്ടൻ വന്നു നിൽ ക്കുന്നത് പോലെ അവൾക്കു തോന്നി.. ക്കൈയ്യിൽ ഒരുപാട് പൊതികൾ.. അതിൽ കളിപ്പാട്ടങ്ങളുടെ കിറ്റുകളും അവൾ കണ്ടു..
സന്തോഷം കൊണ്ട് അവളുടെ മിഴികൾ അരുവികളായി.. "ഇരിക്കച്ചാ.. ഇരിക്കമ്മേ. "അവൾക് വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ശബ്ദം പുറത്തു വരുന്നില്ലായിരുന്നു...
അമ്മ അവളെ തന്റെ മാറോട് ചേർത്ത് വിങ്ങി… ഇരുവരുടെയും നയനങ്ങളിൽ നിന്നും കണ്ണീർ മുത്തുകൾ വീണു ചിതറി.. അമ്മ അവളുടെ തോളിൽ തട്ടി ആശ്വസിപ്പിക്കുംപോലെ വളരെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..
” മോള് അമ്മയോടും അച്ഛനോടും ക്ഷമിക്കണം.. പൊറുക്കണം.. ഹരിയുടെ വേർപാട് ഞങ്ങടെ സമനില തെറ്റിച്ചു.. അന്ന് അങ്ങിനൊക്കെ പെരുമാറിപ്പോയി. എല്ലാം തെറ്റായിരുന്നുവെന്ന് ഇപ്പോൾ ബോധ്യമായി.. മോളെയും മോനെയും കൂട്ടിക്കൊണ്ട് പോകാനാണ് ഞങ്ങൾ വന്നത് “
അരുണയുടേത് പോലെ തന്നെ അവളുടെ അമ്മയുടെ മുഖവും അവിശ്വസനീയമാം വിധം വിടർന്നു… അമ്പരന്ന കണ്ണുകളോടെ അവൾ അവരെ മാറിമാറി നോക്കി.. അപ്പോൾ ഹരിയുടെ അമ്മ വീണ്ടും അവളോട് പറഞ്ഞു തുടങ്ങി..
” എന്റെ മോൻ ഹരി ഇന്നലെ ഉറക്കിൽ എന്റടുത്തു വന്നു കൈകൂപ്പി നിൽക്കുന്നതായി ഞാൻ സ്വപ്നം കണ്ടു മോളെ.. അരുണയെയും മോനെയും സ്വീകരിക്കണം.. അവരെ നന്നായി നോക്കണം. മോനെ അച്ഛനില്ലാ കുറവറിയിക്കാതെ വളർത്തണം എന്നൊക്കെ പറഞ്ഞിട്ടു അവൻ കരച്ചിലായിരുന്നു.. “അവർ നേര്യതിന്റെ കോന്തല കൊണ്ട് മുഖം പൊത്തി..
പിന്നെ ഒട്ടു സംശയിച്ചു അവളെ നോക്കി. " നിനക്ക് സമ്മതമാണേൽ ഞങ്ങളൊരു തീരുമാനം കൂടി എടുത്തിട്ടാ വന്നത്.. നിന്റെ കുഞ്ഞു അച്ഛനില്ലാതെ വളരേണ്ട കുട്ടിയല്ല.. ഹരിയോളം വരില്ലെങ്കിലും യദു അവനെ സ്വന്തം മോനെ പോലെ നോക്കും.. യദു ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ലല്ലോ.. അവൻ നിന്നെ വിവാഹം കഴിക്കും.. ജേഷ്‌ഠന്റെ കുഞ്ഞു അവനു സ്വന്തം കുഞ്ഞു തന്നെയാ... "
അരുണ ശിരസ്സിൽ ഒരാഘാതമേറ്റ പോലെ വിറങ്ങലിച്ചു നിന്നു.. ഹരിയേട്ടന്റെ സ്ഥാനത്തു യദുവോ.. ഒരിക്കലും ചിന്തിക്കാൻ കൂടി കഴിയുനില്ല... ഹരിയേട്ടൻ ഇതെങ്ങിനെ സഹിക്കും..?
അവളെ വീണ്ടും ചുമലിൽ തലോടി ആ മുഖമണച്ചു കൊണ്ട് അമ്മ പറഞ്ഞു.. "മോള് ഒന്ന് കൊണ്ടും പ്രയാസപ്പെടേണ്ട.. ഇതും എന്റെ ഹരിമോൻ സ്വപ്നത്തിൽ അമ്മയോട് ആവശ്യപ്പെട്ടതാണ്.. യദുവും ആദ്യമൊന്നും സമ്മതിച്ചില്ല മോളെ... പിന്നെ അവന്റെ മനസ്സ് അതിനോട് പാകപെട്ടു.. മോൾക്കും ഇത് പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റില്ലെന്ന് അമ്മയ്ക്കറിയാം.. മോളുടെ മനസ്സ് അതിനോട് പൊരുത്തപ്പെടുന്നത് വരെ ഞങ്ങൾ കാത്തിരിക്കാം.. നിങ്ങൾ ഒന്നാവുന്നത് കൊണ്ട് എന്റെ ഹരിമോന്റെ ആത്മാവ് സന്തോഷിക്കയെ ഉള്ളു മോളെ... ""
അരുണ നിസ്സഹായതയോടെ യദുവിനെ നോക്കി.. യദുവും ഏതാണ്ട് ആ അവസ്ഥയിലാണ് എന്ന് ആ മുഖഭാവത്തിൽ നിന്നും അവൾക്ക് മനസ്സിലായി.. ഹരിയേട്ടനാണ് മുന്നിൽ നിൽക്കുന്നതെന്നും ഉണ്ണിക്കുട്ടന്റെ സങ്കടം കണ്ടു സഹിക്കഞ്ഞിട്ടു ഹരിയുടെ ആത്മാവ് അമ്മയുടെ മുന്നിൽ സ്വപ്ന രൂപത്തിൽ പ്രത്യക്ഷപെട്ടതാവാം എന്നും അവൾ കരുതി . യദുവിനെ നോക്കുംതോറും അവിടെ ഹരിയുടെ ആത്മാവ് പാറിപറക്കുന്നതയും സന്തോഷം കൊണ്ട് ആ ആത്മാവ് തന്നിൽ വലയം വയ്ക്കുന്നതായും അവൾക്കനുഭവപ്പെട്ടു..
"എവിടെ ന്റെ കുട്ടി..? അമ്മയും അച്ഛനും യദുവിനൊപ്പം അരുണയുടെ പിന്നാലെ മുറിക്കുള്ളിലേയ്ക്ക് ജിജ്ഞാസയോടെ നടന്നു... അവിടെ തന്റെ ഹരികൃഷ്ണന്റെ ഫോട്ടോയും മാറോടണച്ചു ഉറങ്ങുന്ന ഉണ്ണിക്കുട്ടനെ കണ്ടു അമ്മയ്ക്കും അച്ഛനും സഹിക്കാൻ കഴിഞ്ഞില്ല...
ആ ഫോട്ടോയോടു കൂടി തന്നെ ഉണ്ണിക്കുട്ടനെ മാറോടു ചേർത്ത് അവർ വിങ്ങിക്കരഞ്ഞു… അരുണയുടെയും യദുവിന്റെയും മിഴികളിൽ ചുടുകണ്ണീർ പൊടിഞ്ഞു..
മുഖത്തു വാത്സല്യതിന്റെ ചൂട് നനവറിഞ്ഞു ഉറക്കത്തിൽ നിന്നും ഉണർന്ന ഉണ്ണിക്കുട്ടൻ കണ്ടത് ദൂരെ ഒരിടത്തു ജോലിക്ക് പോയ അച്ഛൻ മുന്നിൽ വന്നു നിൽക്കുന്ന കാഴ്ച്ചയാണ്… അവൻ അവരെ ശ്രദ്ധിക്കാതെ കുതറി മാറി.. യദുവിന്റെ അടുക്കലേക്കു “അച്ഛാ.. ” എന്നുറക്കെ വിളിച്ചു ആ കഴുത്തിൽ വട്ടം ചുറ്റി… യദു അവനെ വാരിയെടുത്തു ഉമ്മ വെച്ചു..
. ഉണ്ണിക്കുട്ടmന്റെ സന്തോഷക്കണ്ണീർ കണ്ടു അരുണ ഹൃദയാന്തരത്തിൽ നിന്നും വന്ന സന്തോഷത്തോടെ അമ്മയെ നോക്കി.. കട്ടിലിൽ അമ്മയുടെ കയ്യിലിരിക്കുന്ന ഫോട്ടോയിലെ ഹരികൃഷ്ണന്റെ മുഖം തന്നെ വാത്സല്യത്തോടെയും സ്നേഹത്തോടെയും നോക്കി ചിരിക്കുന്നത് പോലെ അവൾക്കു തോന്നി.. പുറത്ത് നിന്നു വീശി വന്ന കാറ്റിനു അപ്പോൾ ഹരിയുടെ സ്നേഹത്തിന്റെ സു ഗന്ധമായിരുന്നു..