തൃക്കാക്കര നഗരസഭയില്‍ കോടികളുടെ ക്രമക്കേട്; 7.5 കോടി രൂപ കാണാനില്ലെന്ന് കണ്ടെത്തി
യു ഡി എഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയില്‍ കോടികളുടെ ക്രമക്കേട്. നഗരസഭയില്‍ 7.5 കോടി രൂപ കാണാനില്ലെന്ന് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 2023- 24 ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്.
നഗരസഭ 7,50,62,050 രൂപ സ്വീകരിച്ചതിന് തെളിവ് ഉണ്ടെങ്കിലും, ഈ തുക പണമായി അക്കൗണ്ടില്‍ കയറിയിട്ടില്ല. ഇത്രയും വലിയ തുക ചിലവഴിച്ചതായി രേഖകളില്‍ കണ്ടെത്താനും സാധിച്ചിട്ടില്ല. ജില്ലാ ഓഡിറ്റ് വകുപ്പിന്റെ 2023- 2024ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്. നഗരസഭയിലേക്ക് ലഭിച്ച 361 ചെക്കുകളില്‍ നിന്നുമായിരുന്നു ഈ തുക നഗരസഭാ ബാങ്ക് അക്കൗണ്ടില്‍ എത്തേണ്ടത്. നികുതി, ഫീസ് തുടങ്ങിയ ചെക്കുകളില്‍ നിന്നുള്ള പണമാണിത്.
ഈ തുക അക്കൗണ്ടില്‍ എത്താത്തതില്‍ നഗരസഭാ അധികൃതര്‍ ഗൗരവമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കില്‍ 2021 മുതല്‍ കളക്ഷന് നല്‍കിയ ചെക്കുകളും ഇതുവരെ പണമായി അക്കൗണ്ടില്‍ ക്രെഡിറ്റായിട്ടില്ലെന്നും ഓഡിറ്റില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ച പല സ്ഥാപനങ്ങളും ഇപ്പോഴും ലൈസന്‍സ് ഇല്ലാതെ നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്നതും ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തി.