ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിന് അറസ്റ്റിലായ മലയാളിയുടെ വീട്ടില്‍ റെയ്ഡ്; പരിശോധന നടത്തിയത് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന
ഓപ്പറേഷന്‍ സിന്ദൂറിനെ അധിക്ഷേപിച്ച് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടയാളുടെ കൊച്ചിയിലെ വീട്ടില്‍ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന പരിശോധന നടത്തി. നാഗ്പൂരില്‍ അറസ്റ്റിലായ എളമക്കര സ്വദേശി റിജാസ് എം സിദ്ദിഖിന്റെ വീട്ടിലാണ് എ ടി എസ് പരിശോധന നടത്തിയത്. ഇയാളുടെ മൊബൈല്‍ഫോണുകളും പെന്‍ഡ്രൈവുകളും എ ടി എസ് കസ്റ്റഡിയിലെടുത്തു.
ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായ കൊച്ചി എളമക്കര സ്വദേശി റിജാസ് എം സിദ്ദിഖ് ഏതാനും നാളുകളായി നാഗ്പൂരിലായിരുന്നു താമസം. ഇതിനിടെയാണ്
ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് ഇയാള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്. തുടര്‍ന്ന് നാഗ്പൂരിലെ ലോഡ്ജില്‍ നിന്ന് റിജാസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് നാഗ്പൂരിലെ ലക്ദ്ഗഞ്ച് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്റെ തുടര്‍നടപടിയെന്ന നിലയിലാണ് മഹാരാഷ്ട്ര എ ടി എസ് റിജാസിന്റെ എളമക്കരയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. പരിശോധനയില്‍ കണ്ടെടുത്ത മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവും എ ടി എസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ എന്താണതിലെ ഉള്ളടക്കം എന്ന് എ ടി എസ് വെളിപ്പെടുത്തിയിട്ടില്ല.
കശ്മീരില്‍ ഭീകരാക്രമണം നടത്തിയവരുടെ വീടുകള്‍ പൊളിച്ചതിനെതിരെ കഴിഞ്ഞ മാസം 29-ന് റിജാസിന്റെ നേതൃത്വത്തില്‍ പനമ്പിള്ളി നഗര്‍ സെന്റര്‍ പാര്‍ക്കിനു സമീപം പ്രകടനം നടത്തിയിരുന്നു. സംഭവത്തില്‍ റിജാസ് ഉള്‍പ്പടെ എട്ട് പേരെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. പൊതുവഴി തടസ്സപ്പെടുത്തിയതിനും അന്യായമായി സംഘം ചേര്‍ന്നതിനുമായിരുന്നു കേസ്. ഈ കേസിന്റെ ഉള്‍പ്പടെ വിശദാംശങ്ങള്‍ എ ടി എസ് സംഘം ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.