മാലിന്യ നിക്ഷേപ കേന്ദ്രത്തെ ഫുട്ബോള്‍ ടര്‍ഫാക്കി മാറ്റി ഏലൂര്‍ നഗരസഭ
മാലിന്യ നിക്ഷേപ കേന്ദ്രത്തെ ഫുട്ബോള്‍ ടര്‍ഫാക്കി മാറ്റിയിരിക്കുകയാണ് ഏലൂര്‍ നഗരസഭ. മാലിന്യക്കൂമ്പാരം ശാസ്ത്രീയമായി സംസ്ക്കരിച്ചാണ് ആധുനിക രീതിയിലുള്ള കളിസ്ഥലം നിര്‍മ്മിച്ച് ഇടതു നഗരസഭ നാടിന് മാതൃകയാകുന്നത്. ടര്‍ഫ് കോര്‍ട്ടും ചില്‍ഡ്രന്‍സ് പാര്‍ക്കും ഉള്‍പ്പെടുന്ന കളിസ്ഥലം മന്ത്രി പി.രാജീവ് ഇന്നു നാടിന് സമര്‍പ്പിക്കും.
ജൈവ അജൈവ മാലിന്യങ്ങള്‍ അശാസ്ത്രീയമായി കൂട്ടിയിട്ട് ഈച്ചയും തെരുവ് നായ്ക്കളും താവളമാക്കിയ ദുര്‍ഗന്ധപൂരിത പ്രദേശം. ഇതായിരുന്നു ഏലൂര്‍ കഴിക്കണ്ടത്തെ 10 വര്‍ഷം മുന്‍പുള്ള കാഴ്ച. 10 വര്‍ഷങ്ങള്‍ക്കിപ്പുറം അതൊരു സുന്ദരമായ കളിസ്ഥലമായി മാറിയിരിക്കുന്നു.
സ്വന്തം കണ്ണുകളെ പോലും വിശ്വസിപ്പിക്കാന്‍ പ്രയാസമായ ഈ കാഴ്ച്ച സമ്മാനിക്കുന്നത് എല്‍ ഡി എഫ് ഭരിക്കുന്ന ഏലൂര്‍ നഗരസഭയാണ്. മാലിന്യം തള്ളുന്നതിനെതിരെ അന്ന് മുന്‍നിരയില്‍ നിന്ന് പ്രതിഷേധിച്ച യുവജനപ്രസ്ഥാനത്തിന്‍റെ നേതാവായിരുന്ന എ ഡി സുജില്‍ അതേ നഗരസഭയുടെ ചെയര്‍മാനായതോടെ പ്രദേശം ഫുട്ബോള്‍ ടര്‍ഫാക്കി മാറ്റി.