ഗവേഷണത്തിലൂടെ വ്യവസായത്തിലേക്ക് വിജയക്കാഴ്ച്ചകളൊരുക്കി എം.ജി. സര്‍വകലാശാല

Spread the love

കൈതച്ചെടിയുടെ ഇലയില്‍നിന്നു തുണിത്തരങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന നൂല്‍, പഴത്തൊലിയില്‍നിന്നു പോഷകഗുണമുള്ള ഭക്ഷണം, ചകിരി നാരില്‍നിന്നു മുറിവുണക്കാന്‍ സഹായകമായ ആവരണം, സംസാരശേഷിയില്ലാത്തവര്‍ക്കായി സംസാരിക്കുന്ന കൈയുറ… പഠന, ഗവേഷണപ്രവര്‍ത്തനങ്ങളിലെ കണ്ടെത്തലുകള്‍ സമൂഹത്തിന് ഗുണകരമായ ഉത്പന്നങ്ങളാക്കി വിപണിയിലെത്തിച്ചതിന്റെ ചില ഉദാഹരണങ്ങളാണിവ. കേരളീയം പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തില്‍ കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ സ്റ്റാളില്‍ ഇത്തരം നിരവധി വിജയകഥകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. വൈജ്ഞാനിക സമ്പദ് വ്യവസ്ഥ ലക്ഷ്യമിടുന്ന പുതിയ കാലത്ത്, ഗവേഷണങ്ങള്‍ സമൂഹത്തിനും ഗവേഷകര്‍ക്കും ഭാവി ജീവിതത്തില്‍ പ്രയോജനപ്രദമാകുന്നതെങ്ങനെയെന്ന് ഇവിടെ കണ്ടറിയാനാകും.സംസ്ഥാന സ്റ്റാര്‍ട്ടപ്പ് മിഷന്‍ അനുവദിച്ച ഒരു കോടി രൂപ ചെലവിട്ട് സര്‍വകലാശാലയിലെ ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ സെന്ററിന്റെ റിസര്‍ച്ച് ഇന്‍കുബേഷന്‍ പ്രോഗാമിന്റെ ഭാഗമായി ഒന്‍പതു മാസത്തിനിടെ 24 ഗവേഷണ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. ഇതില്‍ പത്തു ഗവേഷണ ഫലങ്ങളെ അടിസ്ഥാനമാക്കി സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി. ആറു സ്റ്റാര്‍ട്ടപ്പുകളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. എട്ടെണ്ണം വ്യവസായ മേഖലയ്ക്ക് കൈമാറും. ഇവയില്‍ ആറു കണ്ടുപിടുത്തങ്ങള്‍ പേറ്റന്റിനായി സമര്‍പ്പിച്ചിട്ടുണ്ട്. വിളവെടുപ്പിനുശേഷം ഉപേക്ഷിക്കുന്ന കൈതച്ചെടിയുടെ ഇല സംസ്‌കരിച്ച് നൂലും പിന്നീട് ഷര്‍ട്ടുമായി മാറുന്നതുവരെയുള്ള അഞ്ചു ഘട്ടങ്ങളിലെ അവസ്ഥ ഇവിടെ കാണാം. സ്റ്റാര്‍ട്ടപ്പ് മിഷന്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച നാഷണല്‍ റിസര്‍ച്ച് ഇന്നവേഷന്‍ ചലഞ്ചില്‍ തെരഞ്ഞെടുക്കപ്പെട്ട മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഗവേഷകനായിരുന്ന സീക്കോ ജോസിന്റേതാണ് ഈ കണ്ടുപിടുത്തം. അലങ്കാരത്തിന് ഉപയോഗിക്കുന്ന പൂക്കള്‍ കൂടുതല്‍ ദിവസം കേടാകാതിരിക്കാന്‍ സഹായിക്കുന്ന നാനോ ടെക്‌നോളജി അധിഷ്ഠിത ദ്രാവകമായ സിന്‍ഫ്‌ളോറ ഇന്ത്യന്‍ വിപണിയില്‍ ഇത്തരത്തിലുള്ള ആദ്യ ഉത്പന്നമാണ്. ഡ്രൈവിംഗിനിടെയുണ്ടാകുന്ന ക്ഷീണം, ഉറക്കം തുടങ്ങിയവ അപകടത്തിനു കാരണമാകുന്നത് ഒഴിവാക്കാന്‍ ഉപകരിക്കുന്ന മുന്നറിയിപ്പ് സംവിധാനത്തിന്റെ മാതൃകയും ഇവിടെയുണ്ട്. നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉപകരണത്തിലെ സെന്‍സര്‍ കാമറ ഡ്രൈവറുടെ ഭാവവ്യത്യാസം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് സന്ദേശം നല്‍കും. മുന്നറിയിപ്പിനോട് ഡ്രൈവര്‍ പ്രതികരിച്ചില്ലെങ്കില്‍ വാഹനം നിര്‍ത്തുന്നതിനും സംവിധാനമുണ്ട്. ജോലിക്കുവേണ്ടി പഠിക്കുക എന്നതിനപ്പുറം ഗവേഷണ കുതുകികളായ വിദ്യാര്‍ഥികളെ അതിരുകളില്ലാത്ത അവസരങ്ങളുടെ ലോകം കാത്തിരിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍വകലാശാലയിലെ ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇ.കെ രാധാകൃഷ്ണന്‍പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *