കേരള സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ‘സമഗ്ര – 2026’ പള്ളുരുത്തി എസ്.എൻ ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉത്‌ഘാടനം ചെയ്യുന്നു. മന്ത്രിമാരായ കെ.എ. തുളസി, വി. ഇ അബ്ദുൾ ഗഫൂർ, എം എൽ എമാരായ ടോണി ചമ്മിണി, മുഹമ്മദ് ഷിയാസ്, ദീപക് ജോയ് തുടങ്ങിയവർ സമീപം

Spread the love

സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക സർക്കാരിന്റെ പ്രധാന ലക്ഷ്യം: മുഖ്യമന്ത്രി

പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു

സംസ്ഥാനത്തെ സ്ത്രീകളെയും പിന്നാക്ക വിഭാഗങ്ങളെയും സ്വയംപര്യാപ്തരാക്കുക എന്നതിനാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ‘സമഗ്ര – 2026’
പള്ളുരുത്തി എസ്. എൻ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹികമായോ സാമ്പത്തികമായോ ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയുടെയും പ്രാഥമികവും അന്തിമവുമായ ഇരകൾ സ്ത്രീകളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുടുംബത്തിലെ സാമ്പത്തിക പ്രയാസങ്ങൾ, രോഗങ്ങൾ, അല്ലെങ്കിൽ മറ്റ് വിപത്തുകൾ എന്നിവയൊക്കെ നേരിടേണ്ടി വരുന്നത് പ്രധാനമായും സ്ത്രീകളാണ്. അതുകൊണ്ടുതന്നെ കുടുംബശ്രീ അടക്കമുള്ള ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ട് സ്ത്രീകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കും. വായ്പ നൽകുന്നതിനു പുറമേ, കൃത്യമായ നൈപുണ്യ പരിശീലനം, മാർഗ്ഗനിർദ്ദേശം, ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള വിപണന സൗകര്യം എന്നിവയും സർക്കാർ ഉറപ്പാക്കും.

സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി 540-ലധികം പ്രോജക്ടുകളാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ പുരോഗതി ജനങ്ങൾക്കും മാധ്യമങ്ങൾക്കും സുതാര്യമായി വിലയിരുത്തുന്നതിനായി ഇന്ത്യയിൽ ആദ്യമായി സംസ്ഥാനത്ത് ഒരു പ്രത്യേക പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. പദ്ധതികളുടെ പുരോഗതി അനുസരിച്ച് റെഡ്, ഓറഞ്ച്, ഗ്രീൻ എന്നീ കളർ കോഡുകളിലൂടെ പോർട്ടലിൽ വിവരങ്ങൾ തത്സമയം ലഭ്യമാകും. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നു എന്ന് ഉറപ്പാക്കാൻ ഓരോ 20 ദിവസം കൂടുമ്പോഴും റിവ്യൂ മീറ്റിംഗുകൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി കെ. എ. തുളസിയുടെ നേതൃത്വത്തിൽ ഈ വകുപ്പ് മികച്ച വേഗതയിലാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച ‘പ്രിയദർശിനി പദ്ധതി’യിലൂടെ സ്ത്രീകൾക്ക് ലഭിക്കുന്ന ലാഭം കെഎസ്എഫ്ഇ യുടെ ‘പിങ്ക് ചിട്ടി’യിൽ നിക്ഷേപിച്ച് അവർ ഒരു മികച്ച സമ്പാദ്യശീലം ഉണ്ടാക്കിയെടുക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

എം എസ് എം ഇ രജിസ്ട്രേഷനുള്ള വനിതാ സംരംഭകർക്കായി പ്രത്യേക പലിശരഹിത വായ്പാ പദ്ധതി, പ്രിയദർശിനി സ്വയം തൊഴിൽ വായ്പാ പദ്ധതി, സർവീസിൽ നിന്ന് വിരമിച്ചവർക്കും കുടുംബ പെൻഷൻ ലഭിക്കുന്നവർക്കുമായുള്ള സീനിയർ സെക്യൂർ വായ്പ പദ്ധതി, സംസ്ഥാനത്തുടനീളമുള്ള 50-ലധികം കുടുംബശ്രീ സിഡി എസു കളിലും എൻ ജി ഒകളിലും ഉൾപ്പെട്ട 15,000ത്തോളം ഗുണഭോക്താക്കൾക്കായി 100 കോടിയിലധികം രൂപയുടെ വായ്പാ പദ്ധതിയുടെ ധനസഹായ വിതരണം,
സ്വയം തൊഴിൽ, വിദ്യാഭ്യാസം, വിവാഹ ധനസഹായം, ഗ്രീൻ വീൽ വായ്പകൾ എന്നിവയും, സിറ്റി കാൻസർ ചാലഞ്ച് പദ്ധതി (C-Can ) യുടെ ഇന്ത്യയിലെ ആദ്യത്തെ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനവും, കോർപ്പറേഷന്റെ വികസന വിവരങ്ങൾ പങ്കുവെക്കുന്ന ന്യൂസ് ലെറ്റർ പ്രകാശനവും ചടങ്ങിൽ മുഖ്യമന്തി നിർവഹിച്ചു.

ദാരിദ്ര്യത്തിൽ നിന്നും പിന്നാക്കാവസ്ഥയിൽ നിന്നും സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ കൈപിടിച്ചുയർത്തുക എന്ന ആപ്തവാക്യത്തോടെയാണ് പിന്നാക്ക വികസന കോർപ്പറേഷൻ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ എ തുളസി പറഞ്ഞു.
സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്ന് പ്രവർത്തിക്കാനാണ് സർക്കാരിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായി പാലിക്കുന്ന തരത്തിലാണ് പദ്ധതികൾ നടപ്പിലാക്കുന്നതെന്നും സ്ത്രീകൾക്കായി സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയും, കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പാ പദ്ധതികളും ഇതിനോടകം ജനശ്രദ്ധ നേടിയിട്ടുണ്ടനും മന്ത്രി പറഞ്ഞു.

ഫിഷറീസ്, ഹാർബർ എഞ്ചിനിയറിഗ് വകുപ്പ് മന്ത്രി, വി.ഇ. അബ്ദുൾ ഗഫൂർ വിശിഷ്ടാതിഥിയായി . മേയർ വി കെ മിനിമോൾ, എം എൽ എ മാരായ മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, ടോണി ചമ്മിണി, പിന്നാക്ക വിഭാഗ വികസന വകുപ്പ് സെകട്ടറി ഡോ. എ. കൗശികൻ,
ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി അഗസ്റ്റിൻ, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡൻ് ഷാജി കുറുപ്പശ്ശേരി, പള്ളുരുത്തി ഡിവിഷൻ കൗൺസിലർ ഗീതാ പ്രഭാകരൻ, എൻ എം ഡി എഫ് സി മാനേജിംഗ് ഡയറക്ടർ ആഭാ റാണി സിംഗ്, എൻ എസ് കെ എഫ് ഡി സി മാനേജിംഗ് ഡയറക്ടർ പ്രഭാത് കുമാർ സിംഗ്, ജനപ്രതിനിധികൾ , മതമേലധ്യക്ഷ്യൻമാർതുടങ്ങിയവർ പങ്കെടുത്തു.

വിവിധ സർക്കാർ വകുപ്പുകൾ, വികസന ഏജൻസികൾ, ധനകാര്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ അണിനിരത്തിക്കൊണ്ട് പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഇൻഫർമേഷൻ കിയോസ്‌കുകളും ബോധവത്കരണ ക്ലാസ്സുകളും സ്റ്റാളുകളും എക്‌സിബിഷൻ്റെ ഭാഗമായി സംഘടിപ്പിച്ചു.

പ്രവാസികൾക്കായി പ്രവാസി സുരക്ഷ സ്വയം തൊഴിൽ വായ്പ, പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ് സ്വയം തൊഴിൽ വായ്പ, ഇലക്ട്രിക്/സിഎൻജി ഓട്ടോ, ടാക്‌സികൾ വാങ്ങുന്നതിനായി ഗ്രീൻ വീൽ വായ്‌പ പദ്ധതി, വിധവകൾക്കായി പുനർജനി സ്വയം തൊഴിൽ വായ്പ തുടങ്ങിയ പുതിയ പദ്ധതികളും പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *