എമർജൻസി ലാംപിൽ 102 പവൻ സ്വർണവുമായി യുവതി, തട്ടിയെടുക്കാൻ ക്വട്ടേഷൻ സംഘം; നാലുപേർ പിടിയിൽ
;കരിപ്പൂരിൽ സിനിമയെ വെല്ലുന്ന സംഭവങ്ങൾകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയെ ആക്രമിച്ച് സ്വർണം തട്ടിയെടുക്കാൻ ശ്രമം. സ്വർണക്കടത്ത് സംഘവും സ്വർണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് ഇടപെട്ടതോടെ നാലുപേർ പിടിയിലായി. വിദേശത്തുനിന്നെത്തിയ യുവതി എമർജൻസി ലാംപിനുള്ളിൽ ഒളിപ്പിച്ചാണ് 102 പവനോളം സ്വർണം കടത്തിയത്. നവംബർ രണ്ടിന് പുലർച്ചെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്വർണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ പൊലീസിനെയും ആക്രമിച്ച സംഘം ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് അപായപ്പെടുത്താനും ശ്രമിച്ചു.ബഹ്റൈനിൽനിന്ന് ഷാർജ വഴി കരിപ്പൂരിലെത്തിയ ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി (27) ആണ് സ്വർണവുമായി പിടിയിലായത്. ഇവരെ വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുപോകാനെത്തിയ എറണാകുളം മൂവാറ്റുപുഴ സ്വദേശി ഹർഷൽ (40) എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിരാമിയുടെ ലഗേജിൽ ഉണ്ടായിരുന്ന എമർജൻസി ലാംപിന്റെ ബാറ്ററി അറയ്ക്കുള്ളിലാണ് സ്വർണം അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്നത്. 14 ചെറിയ സ്വർണപ്പാളികളാക്കി സൂക്ഷിച്ചിരുന്ന സ്വർണം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് പുറത്തായത്. വൃത്തിയാക്കിയശേഷം ഏകദേശം 817 ഗ്രാം തൂക്കം കണ്ടെത്തിയ സ്വർണത്തിന് 1.10 കോടിയിലധികം രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ട്.വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ അഭിരാമിയും ഹർഷലും പാർക്കിങ് ഏരിയയിലേക്ക് നീങ്ങുന്നതിനിടെയാണ് സ്വർണം തട്ടിയെടുക്കാനെത്തിയ സംഘം ഇവരെ വളഞ്ഞത്. യുവതിയുടെ ട്രോളി ബാഗ് ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. വിമാനത്താവള പരിസരത്ത് സംശയാസ്പദമായി കണ്ട സംഘത്തെ നേരത്തേ നിരീക്ഷിച്ചിരുന്ന പൊലീസ് ഉടൻ ഇടപെടുകയായിരുന്നു. ഇതിനിടെ അക്രമികളിലൊരാൾ ഹോം ഗാർഡ് മുരളീകൃഷ്ണന്റെ കൈയിൽ കടിച്ച് പരിക്കേൽപ്പിച്ചു. മറ്റുചിലർ ഇന്നോവ കാറിൽ രക്ഷപ്പെടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. ഉദ്യോഗസ്ഥൻ റോഡരികിലേക്ക് ചാടിമാറിയതിനാലാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.

