മദ്യനയം വരുംമുമ്പേ പുതിയ ബാർ ലൈസൻസ് അനുവദിച്ചു; നെടുമ്പാശേരി വിമാനത്താവളത്തിലെ ലോഞ്ചിൽ രണ്ട് ബാറുകൾക്ക് അനുമതി
സംസ്ഥാനത്ത് ബാറുകളുടെ ലൈസൻസ് പുതുക്കുന്നതിന് പുറമേ പുതിയ ബാർ ലൈസൻസുകളും അനുവദിച്ചതായി റിപ്പോർട്ട്. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ലൈസൻസുകൾ അനുവദിക്കില്ലെന്ന എക്സൈസ് മന്ത്രിയുടെ നിലപാടിനിടെയാണ് പുതിയ അനുമതികൾ നൽകിയതിന്റെ രേഖകൾ പുറത്തുവന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിലാണ് രണ്ട് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത്.ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് രണ്ട് ബാർ ലൈസൻസുകൾ ലഭിച്ചത്. വിമാനത്താവളത്തിലെ ലോഞ്ച് ബാറുകൾക്ക് നൽകുന്ന എഫ്.എൽ-7 വിഭാഗത്തിലുള്ള ലൈസൻസുകളാണ് അനുവദിച്ചത്. 2026 ജൂൺ 22നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് ലൈസൻസ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.രണ്ട് ലൈസൻസുകളും ഓരോ മിനിറ്റ് ഇടവേളയിലാണ് അനുവദിച്ചതെന്നാണ് പുറത്തുവന്ന രേഖകളിലുള്ളത്. എന്നാൽ ലൈസൻസ് അനുവദിച്ച വിവരം നാല് മാസം പിന്നിട്ടിട്ടും എക്സൈസ് മന്ത്രി അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്. മദ്യനയവും പുതിയ ലൈസൻസ് അനുവദിക്കില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനവും നിലനിൽക്കെയാണ് വിമാനത്താവളത്തിലെ രണ്ട് ബാറുകൾക്ക് അനുമതി നൽകിയ വിവരം പുറത്തുവരുന്നത്.

