ധർമ്മടത്തെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; സിപിഎമ്മിൽ ഇനി മാറ്റത്തിന്റെ കാറ്റ്

Spread the love

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ എൽഡിഎഫിനേറ്റ ദയനീയ പരാജയത്തിന് പിന്നാലെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മാറ്റങ്ങളിലേക്ക് കടന്ന് സിപിഎം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും.തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് ശേഷം മുഖ്യമന്ത്രി ഇതുവരെ മാധ്യമങ്ങളെ കണ്ടിട്ടില്ല. സ്വന്തം മണ്ഡലമായ ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന് പിന്നാലെ പിണറായിയിലെ വീട്ടിൽ തന്നെ തുടർന്ന അദ്ദേഹം വാർത്താ സമ്മേളനം ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് ദൂതൻ വഴിയാണ് അദ്ദേഹം രാജ്‌ഭവനിൽ എത്തിച്ചത്.ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹത്തിന്റെ പ്രതികരണം നാളെയും ഉണ്ടാകാനിടയില്ല എന്നാണ് ലഭ്യമാകുന്ന വിവരം. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി നാളെ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചേരുന്നുണ്ട്. ഈ നിർണായക യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ഔദ്യോഗിക പ്രതികരണമുണ്ടാവുക എന്നാണ് സൂചന.നിയമസഭയിൽ എൽഡിഎഫിൻ്റെ അംഗബലം 35 ആയി ചുരുങ്ങിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻനിരയിലുള്ള ശക്തരായ പല നേതാക്കളും സഭയിലില്ല എന്നത് എൽഡിഎഫിന് കനത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ ക്രിയാത്മക പ്രതിപക്ഷമാകാൻ മുന്നണിക്ക് എത്രത്തോളം സാധിക്കുമെന്ന ചോദ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്.മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ. കെ. എൻ ബാലഗോപാൽ, സജി ചെറിയാൻ, മുഹമ്മദ് റിയാസ് തുടങ്ങിയവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. പുതിയ പ്രതിപക്ഷ നേതാവിനെച്ചൊല്ലിയുള്ള ചർച്ചകളിലേക്ക് കടക്കും മുൻപ് പിണറായി വിജയൻ തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ശേഷമേ പാർട്ടി അന്തിമ തീരുമാനത്തിലേക്ക് പോവുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *