അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയം : ഇനി അരിക്കൊമ്പൻ പെരിയാര്‍ വനത്തിലേക്ക്
ഇടുക്കി: ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയം. അഞ്ച് മയക്കുവെടിച്ചാണ് അരിക്കൊമ്പനെ കീഴടക്കിയത്. മണിക്കൂറുകള്‍ നീണ്ട പ്രതിരോധത്തിനൊടുവിലാണ് കൊമ്പന്‍ വരുതിയിലായത്. പ്രതികൂല കാലാവസ്ഥയും മറികടന്നായിരുന്നു ദൗത്യം.അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിടും. ഒന്‍പതുമണിയോടെ കൊമ്പനെ പെരിയാര്‍ സങ്കേതത്തിലെത്തിക്കും. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്. കുമളി പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 7വരെയാണ് നിരോധനാജ്ഞ. പഞ്ചായത്തില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പുണ്ട്.ലോറിയില്‍ കയറ്റിയശേഷം അരിക്കൊമ്പന് ജിപിഎസ് കോളര്‍ ഘടിപ്പിച്ചിരുന്നു. ദൗത്യത്തിനിടെയെത്തിയ കനത്ത മഴയും കാറ്റും മൂടല്‍മഞ്ഞും ദൗത്യത്തിന് വെല്ലുവിളിയുയര്‍ത്തിയിരുന്നു. മഴ തുടര്‍ന്നാല്‍ അരിക്കൊമ്പന്‍ മയക്കം വിട്ടേക്കുമെന്നും ആശങ്കയുണ്ടായിരുന്നു. 4 കുങ്കിയാനകളും ചേര്‍ന്നാണ് അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റിയത്. ആദ്യം ലോറിയിലേക്ക് കയറാന്‍ അരിക്കൊമ്പന്‍ വഴങ്ങിയിരുന്നില്ല. മയക്കത്തിലും ആന ശൗര്യം കാട്ടിയിരുന്നു.