അരയ്ക്ക് ചുറ്റുമായി രണ്ട് കിലോയിലേറെ തൂക്കം വരുന്ന 27 സ്വർണക്കട്ടികളുമായി യുവതി പിടിയിൽ

Spread the love

കൊൽക്കത്ത: അരയ്ക്ക് ചുറ്റുമായി രണ്ട് കിലോയിലേറെ തൂക്കം വരുന്ന 27 സ്വർണക്കട്ടികളുമായി യുവതി പിടിയിൽ. ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശിനിയായ മണികാ ധർ എന്ന യുവതിയാണ് അതിർത്തി രക്ഷാസേനയുടെ പിടിയിലായത്. യുവതിയിൽ നിന്നും കണ്ടെടുത്ത രണ്ട് കിലോയിലധികം ഭാരം വരുന്ന സ്വർണക്കട്ടികൾക്ക് 1.29 കോടി രൂപയോളം വിലവരുമെന്നാണ് റിപ്പോർട്ട്.വ്യാഴാഴ്ച ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം നടന്നത്. ബംഗ്ലാദേശിൽ നിന്നും സ്വർണം കടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഇന്ത്യൻ ചെക്ക് പോസ്റ്റിൽ വിന്യസിച്ചിരുന്ന ബിഎസ്എഫിലെ വനിതാ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മണികാ ധർ പിടിയിലായത്. സ്വർണക്കട്ടികൾ തുണിയിൽ ഒളിപ്പിച്ച് യുവതിയുടെ അരയിൽ കെട്ടിയ നിലയിലായിരുന്നു.താൻ സ്വർണം കടത്തുന്നത് ആദ്യമായിട്ടാണെന്നും ബംഗാളിലെ ഒരാൾക്ക് സ്വർണം കൈമാറാനാണ് തനിക്ക് ലഭിച്ച നിർദ്ദേശമെന്നും മണികാ ധർ ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കി. സ്വർണം കടത്തുന്നതിന് തനിക്ക് 2000 രൂപ പ്രതിഫലം ലഭിക്കുമെന്നും അവർ പറഞ്ഞു. പിടിയിലായ യുവതിയെയും സ്വർണക്കട്ടികളും അധികൃതർ തുടർനടപടികൾക്കായി കസ്റ്റംസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *