ഫലസ്തീനില്‍ കരയാക്രമണം നടത്തുന്ന ഇസ്രായേല്‍ നേരിടുന്നത് ഹമാസിന്റെ ഭാഗത്തുനിന്ന് കടുത്ത പ്രതിരോധം
ഗസ്സ:: ഫലസ്തീനില്‍ കരയാക്രമണം നടത്തുന്ന ഇസ്രായേല്‍ നേരിടുന്നത് ഹമാസിന്റെ ഭാഗത്തുനിന്ന് കടുത്ത പ്രതിരോധം. 48 മണിക്കൂറിനിടെ അഞ്ചുസൈനികരെയാണ് ഹമാസ് കൊലപ്പെടുത്തിയത്. ഇതോടെ കരയാക്രമണം തുടങ്ങിയ ഒക്ടോബര്‍ 27ന് ശേഷം കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം 67 ആയി. ഇന്നലെ മാത്രം രണ്ടു സൈനികരാണ് കൊല്ലപ്പെട്ടത്. 890മത് ബറ്റാലിയനില്‍പ്പെട്ട 20ന് അടുത്ത് പ്രായമുള്ള രണ്ടുപേരാണ് ഗസ്സസിറ്റിയില്‍ പുതിയതായി കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. കഴിഞ്ഞമാസം ഏഴിന് ഇസ്‌റാഈലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് ശേഷം കൊല്ലപ്പെട്ട ആകെ ഇസ്‌റാഈല്‍ സൈനികര്‍ 387 ആണ്.ഇതോടൊപ്പം അധിനിവേശ സൈനികരുടെ ടാങ്കുകളും മറ്റ് ആയുധങ്ങളും ഹമാസ് വ്യാപകമായി നശിപ്പിച്ചു. തോക്കുകളും ചെറു മിസൈലുകളും ഉപയോഗിച്ച് ടാങ്കുകള്‍ തകര്‍ക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ഹമാസിന്റെ സായുധവിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസാം ബ്രിഗേഡ്‌സ് പുറത്തുവിട്ടു. ഇസ്‌റാഈല്‍ സൈനികരുടെ കീറിപ്പറിഞ്ഞ യൂനിഫോമും തകര്‍ന്ന യുദ്ധോപകരണങ്ങളും അവര്‍ ഉപയോഗിക്കുന്ന ബുള്ളറ്റുകളും വിഡിയോയില്‍ കാണിക്കുന്നുണ്ട്. 17 സൈനികവാഹനങ്ങള്‍ തകര്‍ത്തതായാണ് ബ്രിഗേഡ്‌സ് അറിയിച്ചത്. ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സംഘം പുറത്തുവിട്ടത്.അതേസമയം, ഗസ്സയില്‍ വെടിനിര്‍ത്തലിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഹമാസും ഇസ്രായേലും തമ്മില്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ സാധ്യതകള്‍ ഉയര്‍ന്നത്. വെടിനിര്‍ത്തലിലേക്ക് അടുക്കുകയാണെന്ന് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യ പ്രസ്താവനയില്‍ അറിയിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു