രക്ത ദാനം മഹാദാനം :രക്തം ദാനം ചെയ്ത് ലോക റെക്കോര്‍ഡ് ഇട്ട് 80 -കാരി

Spread the love

രക്ത ദാനം മഹാദാനം എന്നാണല്ലോ പറയുന്നത്. അത്തരത്തില്‍ രക്തം ദാനം ചെയ്യുന്നത് ജീവിതത്തിന്റെ ഭാഗമായി കരുതുന്ന ഒരു സ്ത്രീയുണ്ട് ആല്‍ബര്‍ട്ടയില്‍. കഴിഞ്ഞ ആറു പതിറ്റാണ്ടായി കൃത്യമായ ഇടവേളകളില്‍ രക്തം ദാനം ചെയ്യുന്ന ഇവരെ തേടി ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പുരസ്‌കാരം എത്തിയിരിക്കുകയാണ്. ആല്‍ബര്‍ട്ട് സ്വദേശിയായ ഈ 80 -കാരിയുടെ പേര് ജോസഫിന്‍ മിച്ചാലുക്ക് എന്നാണ്.1965 -ല്‍ തന്റെ 22 -ാം വയസ്സിലാണ് മിച്ചാലുക്ക് ആദ്യമായി രക്തം ദാനം ചെയ്തത്. പിന്നീട് അത് തന്നെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഇവര്‍ കഴിഞ്ഞ ആറു പതിറ്റാണ്ടായി മുടക്കം ഇല്ലാതെ അത് തുടരുകയാണ്. ഇതുവരെ 203 യൂണിറ്റ് രക്തമാണ് ഇവര്‍ ദാനം ചെയ്തത്.രക്തദാനത്തെക്കുറിച്ച് ആദ്യമായി തന്നോട് സംസാരിക്കുന്നത് തന്റെ സഹോദരി ആണെന്നും സഹോദരിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് താന്‍ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ആദ്യമായി രക്തം ദാനം ചെയ്തത് എന്നുമാണ് മിച്ചാലുക്ക് പറയുന്നത്. ആദ്യം രക്തം ദാനം ചെയ്യുമ്പോള്‍ ചെറിയൊരു ഭയം ഉണ്ടായിരുന്നുവെന്നും പിന്നീട് താന്‍ ചെയ്യുന്ന പ്രവൃത്തിയുടെ മഹത്വം മനസ്സിലാക്കിയപ്പോള്‍ അത് തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു എന്നും മിച്ചാലുക്ക് കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയില്‍ രക്തം ദാനം ചെയ്തതുകൊണ്ട് തനിക്ക് ശാരീരികമായി യാതൊരുവിധ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും രക്തദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ കൂടുതല്‍ ആളുകള്‍ അതിന് തയ്യാറാകണമെന്നും മിച്ചാലുക്ക് പറയുന്നു.O- ആണ് മിച്ചാലുക്കിന്റെ രക്ത ഗ്രൂപ്പ്. ഒരുപാട് പേര്‍ക്ക് തന്റെ രക്തം കൊണ്ട് ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നുമാണ് മിച്ചാലുക്ക് പറയുന്നത്. തന്റെ ജീവിതം ഒരു പ്രചോദനമായി സ്വീകരിച്ച് കൂടുതല്‍ ആളുകള്‍ രക്തം ദാനം ചെയ്യാന്‍ തയ്യാറാകണം എന്നാണ് തന്റെ ആഗ്രഹമെന്നും മിച്ചാലുക്ക് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *