ഐ പി ആര്‍ ഡിജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്21 ഒക്ടോബർ 2025
സംസ്ഥാനത്ത് എല്ലാവർക്കും ജലലഭ്യത ഉറപ്പുവരുത്തും: മന്ത്രി റോഷി അഗസ്റ്റിൻ
ശുദ്ധജലം ജനങ്ങളിലേക്ക് എത്തിക്കാൻ ധാരാളം പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഓരോ വ്യക്തിക്കും ജലലഭ്യത ഉറപ്പു വരുത്താൻ ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അഞ്ചുതെങ്ങ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം.
ഗുണനിലവാരം ഉറപ്പുവരുത്തി കേരളം മുഴുവൻ ആവശ്യാനുസരണം ജലം എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കുടിവെള്ള പ്രതിസന്ധി നേരിട്ടിരുന്ന അഞ്ചുതെങ്ങ് പോലുള്ള ഗ്രാമപഞ്ചായത്തുകളിൽ പോലും ഇത്തരം പദ്ധതികൾ വഴി ജലക്ഷാമം പരിഹരിക്കുന്നതിലൂടെ സർക്കാറിന്റെ ദൃഢനിശ്ചയവും കൂട്ടായ പ്രവർത്തനവുമാണ് വെളിവാകുന്നത്.
3,14,07,613 രൂപ ചെലവിൽ 5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് അഞ്ചുതെങ്ങിൽ സ്ഥാപിച്ചിട്ടുള്ളത്. 16 മാസം കൊണ്ടാണ് കുടിവെള്ള പദ്ധതി പൂർത്തിയാക്കിയത്.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ വി ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ പി.സി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ലൈജു, സെക്രട്ടറി പി സുനിൽ, വൈസ് പ്രസിഡൻ്റ് ലിജാ ബോസ്, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബി.എൻ സൈജുരാജ് തുടങ്ങിയവർ പങ്കെടുത്തു.