സംരക്ഷ രക്തദാന ക്യാമ്പില്‍ 1472 പേര്‍ പങ്കാളികളായി

Spread the love

കേരള പോലീസിന്‍റെ സന്നദ്ധ രക്തദാന പദ്ധതിയായ പോല്‍ ബ്ലഡ്, പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ചു സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് സംരക്ഷയില്‍ 1472 പേര്‍ രക്തദാതാക്കളായി. ഇവരില്‍ 884 പോലീസ് സേനാംഗങ്ങളും ഉള്‍പ്പെടുന്നു. സംസ്ഥാന വ്യാപകമായി 65 ഓളം രക്തദാന ക്യാമ്പുകളാണ് സംരക്ഷയുടെ ഭാഗമായി സംഘടിപ്പിച്ചത്.സംരക്ഷ മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പിന്‍റെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ പോലീസ് ആസ്ഥാനത്തു നിര്‍വഹിച്ചു. കേരളത്തെ സമ്പൂര്‍ണ സന്നദ്ധ രക്തദാന സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള കേരള പോലീസിന്‍റെ സുപ്രധാന ചുവടുവയ്പ്പാണ് പോല്‍ ബ്ലഡ് പ്രൊജക്റ്റ് എന്നദ്ദേഹം പറഞ്ഞു. മറ്റേതൊരു സേവനത്തെക്കാളും മഹത്തരമാണ് ജീവന്‍ സംരക്ഷിക്കുക എന്നത്. അടിയന്തര ഘട്ടങ്ങളില്‍ രക്തം ലഭിക്കാതെ ഒരാള്‍പോലും സംസ്ഥാനത്തു മരണപ്പെടരുത്. പരമ്പരാഗത പോലീസിംങ് രീതികളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കാതെ ജീവരക്ഷയിലും കേരള പോലീസ് മുന്‍പന്തിയിലാണെന്ന് തെളിയിക്കുന്നതാണ് പോല്‍ ബ്ലഡിന്‍റെ നേട്ടം.1,828 ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകളിലൂടെ ഇതുവരെ 73,395 യൂണിറ്റ് രക്തം ലഭ്യമായിട്ടുണ്ട്. ഇതുകൂടാതെ 51,346 യൂണിറ്റ് രക്തം പോല്‍ ബ്ലഡ് മൊഡ്യൂള്‍ വഴിയും ലഭ്യമായിട്ടുണ്ട്. പോല്‍ ആപ്പ് മുഖേന 1,14,732 പേര്‍ സന്നദ്ധ രക്തദാതാക്കളായും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.പോലീസ് ആസ്ഥാനത്തു നടന്ന രക്തദാന ക്യാമ്പില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ദക്ഷിണ മേഖലാ ഐ.ജി എസ്. ശ്യാം സുന്ദര്‍, പോലീസ് ആസ്ഥാനത്തെ എ.ഐ.ജി മാരായ മെറിന്‍ ജോസഫ്, സുജിത് ദാസ് എസ്, മറ്റ് പോലീസുദ്യോഗസ്ഥര്‍ എന്നിവര്‍ രക്തദാനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗം ഐ.ജി കാളിരാജ് മഹേഷ് കുമാര്‍, എസ്.പി റെയില്‍വേസും പോല്‍ ബ്ലഡ് നോഡല്‍ ഓഫീസറുമായ ഷഹന്‍ഷാ കെ. എസ്, കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ സിനു കടകംപള്ളി, പോല്‍ ബ്ലഡ് പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വീസ് സ്കീം, മറ്റു സന്നദ്ധസംഘടനകളില്‍ നിന്നുള്ളവര്‍, എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *