അയണ്‍ ഗുളികകള്‍ അമിതമായി കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം
കൊല്ലം: ആരോഗ്യവകുപ്പില്‍ നിന്ന് കിട്ടിയ അയണ്‍ ഗുളികകള്‍ അമിതമായി കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. കൊല്ലം മൈനാഗപ്പള്ളി ശാസ്താംകോട്ട മിലാദേ ഷെരീഫ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായത്. ആറു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.മധുരമുള്ളത് കൊണ്ട് മത്സരിച്ച് കഴിച്ചത് കൊണ്ടാണ് കുട്ടികള്‍ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വീട്ടില്‍ കൊണ്ടുപോയി കഴിക്കണമെന്ന് പറഞ്ഞ് സ്‌കൂളില്‍ നിന്ന് കുട്ടികള്‍ക്ക് വിതരണം ചെയ്തതാണ് ഈ അയണ്‍ ഗുളികകള്‍. ആരോഗ്യവകുപ്പില്‍ നിന്നാണ് സ്‌കൂളിന് അയണ്‍ ഗുളികകള്‍ ലഭിച്ചത്. സ്‌കൂള്‍ അധികൃതര്‍ ഇത് കുട്ടികള്‍ക്ക് കൈമാറുകയായിരുന്നു.എട്ടാം ക്ലാസില്‍ പഠിക്കുന്ന ആറു വിദ്യാര്‍ഥികളാണ് ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതില്‍ നാലു കുട്ടികള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും രണ്ടു കുട്ടികള്‍ ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. കുട്ടികള്‍ വലിയ തോതില്‍ മത്സരിച്ച് ഗുളിക കഴിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. മറ്റു കുട്ടികളുടെ കൈയില്‍ ഇരുന്ന മരുന്ന് വരെ ഈ കുട്ടികള്‍ വാങ്ങി കഴിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടികള്‍ക്ക് ഗുളിക നല്‍കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി സംശയിക്കുന്നതായി രക്ഷകര്‍ത്താക്കള്‍ ആരോപിച്ചു.