ഓണമായിട്ടും അരിവാൾ രോഗികൾക്ക് പെൻഷൻ കുടിശ്ശിക കിട്ടാതെ ദുരിതത്തിൽ

Spread the love

ഓണമായിട്ടും പെൻഷൻ കുടിശ്ശിക നൽകാത്തതിനാൽ വയനാട് കളക്ടറേറ്റിന് മുന്നിൽ അരിവാൾ രോഗികളുടെ പ്രതിഷേധം. അസഹ്യമായ വേദനയുള്ളതിനാൽ, പണിക്ക് പോലും പോവാൻ കഴിയാതെ ദുരിത്തിലായവരാണ് സമരത്തിനെത്തിയത്. ഓണത്തിനും ക്രിസ്മസിനും മുന്നെ കുറഞ്ഞ തുക തന്ന് പറ്റിക്കാൻ ഇത് സീസണിൽ വരുന്ന രോഗമല്ലെന്ന് പ്രതിഷേധത്തിന് എത്തിയവർ പറയുന്നു.അരിവാൾ രോഗികൾക്ക് പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. എട്ടുമാസത്തെ പണം കുടിശ്ശികയായി നൽകാനുണ്ട്. അനുവദിച്ചത് ഒരുമാസത്തെ തുക മാത്രമാണ്. ജോലിക്ക് പോകാനാവാത്തതിനാൽ തങ്ങള്‍ക്ക് മറ്റുവരുമാന മാർഗമില്ലെന്ന് രോഗികൾ പറയുന്നു. മരുന്നിനും ചെലവിനും പോലും പെൻഷൻ തുക തികയുന്നില്ല. കുടിശക വയ്ക്കാതെ മാസംതോറും പെൻഷൻ മുടങ്ങാതെ നൽകണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.മരുന്നും പോഷകാഹാരവും മുടങ്ങാൻ പാടില്ലാത്ത രോഗികളാണ് പെൻഷൻ മുടങ്ങിയതോടെ ദുരിതത്തിലായത്. വയനാട് ജില്ലയിൽ സർക്കാരിന്‍റെ കണക്കിൽ 1080 അരിവാൾ രോഗികളാണ് ഉള്ളത്. ഇതിൽ ജനറൽ വിഭാഗത്തിൽ 189 പേരുണ്ട്. ഇവർക്കാണ് കഴിഞ്ഞ എട്ട് മാസത്തെ പെൻഷൻ നൽകാത്തത്. എസ്ടി വിഭാഗത്തിനും കൃത്യമായ പെൻഷമായി വിതരണം ചെയ്യുന്നില്ല. ജനറൽ വിഭാഗത്തിന് 2000 രൂപയും എസ്ടി വിഭാഗത്തിന് 2500മാണ് പ്രതിമാസ പെൻഷൻ. ഈ തുകയാണ് സർക്കാർ മാസങ്ങളായി കുടിശ്ശികയാക്കിയത്. പൊതുവിഭാഗത്തിലെ രോഗികളിൽ നിന്നും സർക്കാർ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. വലിയ കായികാധ്വാനമുള്ള ജോലികൾ അരിവാൾ രോഗികൾക്ക് സാധ്യമല്ല. അവരോടാണ് സർക്കാർ ഓണക്കാലത്ത് പോലും നീതി കാട്ടാത്തത്.

Leave a Reply

Your email address will not be published. Required fields are marked *