ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ രോഗിയെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ രോഗിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. ചികിത്സയിലുള്ള ബാലരാമപുരം സ്വദേശി സുധീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ രോഗിയായിരുന്നു സുധീര്‍. കിടപ്പ് രോഗിയായ സുധീര്‍ റസിഡന്റ് ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നതെന്നാണ് വിവരം. ചികിത്സ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഡോക്ടര്‍മാരെ സുധീര്‍ ഷര്‍ട്ടില്‍ പിടിച്ച് തള്ളിയെന്നാണ് പരാതി.അതിനിടെ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് വിജ്ഞാപനം പുറത്തിറങ്ങി. ആരോഗ്യരക്ഷാ സ്ഥാപനങ്ങളിലെ പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ തുടങ്ങിയവരെ നിയത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഭേദഗതി. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ വാക്കാലുള്ള അപമാനവും നിയമപ്രകാരം കുറ്റകരമായിരിക്കും. അധിക്ഷേപിക്കണമെന്നോ, അവഹേളിക്കണമെന്നോ ഉള്ള ഉദ്ദേശത്തോടെയുള്ള വാക്കുകളാണ് കുറ്റകരം. ഇതിന് മൂന്ന് മാസം വരെ തടവോ, 1000 രൂപ പിഴയോ അല്ലെങ്കിലും രണ്ടും ചേര്‍ന്നോ ശിക്ഷ അനുഭവിക്കേണ്ടി വരും. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണം. വിചാരണ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ അതിനുള്ള കാരണം കോടതി രേഖപ്പെടുത്തണം. ഈ കേസുകള്‍ കൈകാര്യം ചെയ്യാനായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയോഗിക്കും.