ആറ് പേർക്ക് പുതുജീവൻ നൽകി ബിജിലാൽ യാത്രയായി

Spread the love

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മസ്തിഷ്കമരണമടഞ്ഞ തിരുവനന്തപുരം കിഴാറൂർ പശുവെണ്ണറ, കാറാത്തലവിള ബിജിലാൽ കൃഷ്ണ (42) ആറ് പേർക്ക്പുതുജീവനേകും. ബൈക്ക് അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ബിജിലാലിന്റെ രണ്ട് വൃക്കയും കരളും ഹൃദയവാൽവും രണ്ട് നേത്രപടലങ്ങളുമാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ കഴിയുന്ന രോഗികൾക്ക് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലേക്കും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാൽവ് ശ്രീ.ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലേക്കും നേത്രപടലം തിരുവനന്തപുരം റീജിയനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്കുമാണ് നൽകിയത്.2025 ജൂലൈ ഏഴിന് രാവിലെ 5.50നാണ് തിരുവനന്തപുരം കവടിയാറിൽ ബിജിലാൽ കൃഷ്ണ സഞ്ചരിച്ച ബൈക്ക് വാട്ടർ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ബിജിലാലിനെ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ജൂലൈ 17ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു. അവയവദാനത്തിന് തയ്യാറായ ബിജിലാലിന്റെ കുടുംബത്തിന് ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാജോർജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാ കൈമാറ്റ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കാട്ടാക്കട, മാറാനല്ലൂരിന് അടുത്ത് പുന്നാവൂരിൽ സലൂൺ നടത്തുകയായിരുന്നു ബിജിലാൽ. സഹോദരി: വിജി, സഹോദരി ഭർത്താവ്: ജയകൃഷ്ണൻ.തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി.കെ ജബ്ബാർ, നെഫ്രോളജി വിഭാഗം മേധാവി ഡോ.എം.കെ മോഹൻദാസ്, കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എസ്.എസ് നോബിൾ ഗ്രേഷ്യസ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ബി.എസ് സുനിൽ കുമാർ, കെ-സോട്ടോ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോയ് മാത്യു, ജോയിന്റ് ഡയറക്ടർ ഡോ. ബേസിൽ സജു എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *