എയിംസ് തൃശൂരില്‍ വരുമെന്ന് ഒരിക്കലും താന്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Spread the love

തൃശൂരില്‍ നിന്ന് എംപിയാകുന്നതിന് മുന്‍പ് തന്നെ ആലപ്പുഴയില്‍ എയിംസ് വേണന്നു പറഞ്ഞിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്, ഒരിക്കലും വാക്കുമാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് തൃശൂരില്‍ വരുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു പറഞ്ഞുകൊണ്ടാണ് സുരേഷ്‌ഗോപി എയിംസ് വിഷയത്തില്‍ ന്യായീകരണം നടത്തിയത്. തൃശൂരീന്റെ വികസനം ലക്ഷ്യമിട്ടുള്ള ‘എസ്ജി കോഫി ടൈംസ്’ എന്ന പേരിലുള്ള പുതിയ ചര്‍ച്ചാ പരിപാടിയില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപി വീണ്ടും എയിംസ് ചര്‍ച്ച വിഷയമാക്കിയത്.കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയില്‍ വേണമെന്ന് താന്‍ പറയുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു. രാഷ്ട്രീയവും പ്രാദേശികതയുമല്ല താന്‍ ഇക്കാര്യത്തില്‍ കാണുന്നതെന്നും ആലപ്പുഴയില്‍ എയിംസ് വരാന്‍ തൃശൂരുകാര്‍ പ്രാര്‍ഥിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.മെട്രോ റെയില്‍ സര്‍വീസ് തൃശൂരിലേക്ക് വരുമെന്നും താന്‍ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് താന്‍ പറഞ്ഞതെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണനെ വീട്ടിലെത്തി കണ്ടശേഷമാണ് സുരേഷ് ഗോപി കോഫി വിത്ത് എസ്ജി എന്ന പരിപാടി തുടങ്ങിയത്. തൃശൂരിലെ മേയര്‍ക്കും മുകളില്‍ കസേരയിട്ട് കൊടുക്കേണ്ടയാളാണ് തേറമ്പില്‍ രാമകൃഷ്ണനെന്നും ലീഡര്‍ക്കൊപ്പം സ്ഥാനം കൊടുക്കേണ്ടയാളാണെന്നും സുരേഷ് ഗോപി പ്രശംസിച്ചു.ബിജെപിക്ക് 30 സീറ്റെങ്കിലും തൃശൂര്‍ കോര്‍പ്പറേഷനില്‍ കൊടുത്താല്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയ കുതിപ്പുണ്ടാകുമെന്ന് വരെ സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന് കേന്ദ്രം നല്‍കിയ 19 കോടി തുരങ്കം വെച്ചുവെന്നും സുരേഷ് ഗോപി ആരോപിച്ചു. പിന്നീട് കളക്ടര്‍ റിപ്പോര്‍ട്ട് പ്രകാരം പണം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുകയാണിപ്പോള്‍. പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചത് മേയര്‍ എം.എം വര്‍ഗീസ് അല്ല. അദ്ദേഹംഎന്തെങ്കിലും ചെയ്തു എന്നൊരിക്കലും പറയില്ല. അദ്ദേഹത്തിന്റെ നിസഹായവസ്ഥ അറിയാം. കോര്‍പ്പറേഷനും കോര്‍പ്പറേഷന്‍ ഇരിക്കുന്ന തൃശൂര്‍ നിയമസഭാ സീറ്റും ബിജെപിക്ക് തരണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം. രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് നരേന്ദ്ര മോദിയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *