ഭൂമിയുടെ ആയുസ് പ്രതീക്ഷിച്ചതിലും നേരത്തെ അവസാനിക്കുമെന്ന പ്രവചനവുമായി നാസയിലെ ശാസ്ത്രജ്ഞർ
വാഷിങ്ടൺ: ഭൂമിയുടെ ആയുസ് പ്രതീക്ഷിച്ചതിലും നേരത്തെ അവസാനിക്കുമെന്ന പ്രവചനവുമായി നാസയിലെ ശാസ്ത്രജ്ഞർ. ഏകദേശം നൂറ് കോടി വർഷങ്ങൾക്കുള്ളിൽ തന്നെ ഭൂമിയുടെ അന്തരീക്ഷം ജീവൻ നിലനിർത്താൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തുമെന്നാണ് ഗവേഷണ മോഡലുകൾ സൂചിപ്പിക്കുന്നത്.സൂര്യന് പ്രായമാകുന്തോറും അതിൽനിന്ന് കൂടുതൽ ചൂടും വികിരണങ്ങളും പുറത്തുവരുമെന്നും തത്ഫലമായി ഭൂമി ചുട്ടുപൊള്ളുന്ന, ജീവനില്ലാത്ത ഗ്രഹമായി മാറുമെന്നുമാണ് പഠനം പറയുന്നത്. ഈ പഠനമനുസരിച്ച് സമുദ്രങ്ങൾ വറ്റിപ്പോകുകയും ഓക്സിജൻ ഇല്ലാതാവുകയും ചെയ്യും. സൂക്ഷ്മജീവികൾക്ക് പോലും അതിജീവിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമെന്നും പഠനത്തിൽ കണ്ടെത്തി.നാസയിലെ ശാസ്ത്രജ്ഞരും ജപ്പാനിലെ ടോഹോ സർവകലാശാലയിലെ ഗവേഷകരും ചേർന്ന് നടത്തിയ ‘ദി ഫ്യൂച്ചർ ലൈഫ് സ്പാൻ ഓഫ് എർത്ത്‌സ് ഓക്‌സിജനേറ്റഡ് അറ്റ്‌മോസ്ഫിയർ’ എന്ന പഠനത്തിലാണ് ഈ നിർണായക നിരീക്ഷണങ്ങൾ. അത്യാധുനിക സൂപ്പർ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്.മുൻ പഠനങ്ങൾ ഭൂമിയുടെ ജൈവമണ്ഡലത്തിന് ഏകദേശം 200 കോടി വർഷത്തെ ആയുസ്സാണ് പ്രവചിച്ചിരുന്നത്. എന്നാൽ, 400,000ലധികം കമ്പ്യൂട്ടർ മോഡലുകളെ അടിസ്ഥാനമാക്കിയ പുതിയ സിമുലേഷനുകൾ പ്രകാരം ഇത്രയും ആയുസ് ഭൂമിക്കില്ലെന്നാണ് കണ്ടെത്തൽ. സൂര്യന്റെ പ്രകാശ തീവ്രതയെ ആശ്രയിച്ചാണ് ഭൂമിയുടെ ജൈവമണ്ഡലത്തിന്റെ ആയുസ് പ്രവചിക്കപ്പെടുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ കസുമി ഒസാക്കി വ്യക്തമാക്കി.ഈ കണ്ടെത്തലുകൾ ശരിയാണെങ്കിൽ, വിദൂര ഭാവിയിൽ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് ക്രമേണ കുറയാൻ തുടങ്ങും. ഭൂമിയിലെ ജീവൻ ഒറ്റയടിക്ക് ഇല്ലാതാകില്ല. പകരം, ഓക്സിജന്റെ അളവ് പതുക്കെ കുറഞ്ഞ്, സൂക്ഷ്മജീവികൾ മാത്രം അവശേഷിക്കുന്ന അവസ്ഥയിലേക്ക് എത്തും. ഒടുവിൽ, സൂക്ഷ്മജീവികളും പൂർണമായി അപ്രത്യക്ഷമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.ഈ ദീർഘകാല പ്രക്രിയയുടെ പ്രാഥമിക ലക്ഷണങ്ങൾ ഇപ്പോൾ തന്നെ ദൃശ്യമാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. സൗര കൊടുങ്കാറ്റുകളും കൊറോണൽ മാസ് ഇജക്ഷനുകളും ഉൾപ്പെടെയുള്ള സൗര പ്രവർത്തനങ്ങളുടെ വർധന ഭൂമിയുടെ കാന്തികക്ഷേത്രത്തെയും അന്തരീക്ഷത്തെയും ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ താപനിലയിലെ വർധന, മഞ്ഞുരുകൽ തുടങ്ങിയ പ്രതിഭാസങ്ങളെല്ലാം ഭൂമിയുടെയും ജീവജാലങ്ങളുടെയും ആയുസ്സിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്നും ഗവേഷകർ പറയുന്നു.

