പഹല്‍ഗാം ഭീകരാക്രമണം; ലഷ്‌കര്‍ ഭീകരന്മാരുടെ കശ്മീരിലെ വീടുകള്‍ തകര്‍ത്തു
പഹല്‍ഗാം ആക്രമണത്തിലെ കണ്ണികളെന്നു കരുതുന്ന ലഷ്‌കര്‍ ഭീകരന്മാരായ ആസിഫ് ഷെയ്ക്കിന്റെയും ആദില്‍ ഹുസൈന്‍ ദോക്കറിന്റെയും കശ്മീരിലെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തു എന്ന് റിപ്പോര്‍ട്ട്. രണ്ട് ലഷ്‌കര്‍ ഭീകരരുടെയും വീടുകളില്‍ സുരക്ഷാ സേന തെരച്ചില്‍ നടത്തിയിരുന്നു. ഇവിടങ്ങളില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പിന്നീട് നിര്‍ജീവമാക്കി.
അതേസമയം വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന് പ്രതിപക്ഷം എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ഇതിനിടയില്‍ ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും പാകിസ്ഥാന്‍ താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യ – പാക് അതിർത്തി മേഖലയിൽ വീണ്ടും വെടിവെപ്പ്. പാക് സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ആണ് സൂചന. പഹൽഗാം ആക്രമണത്തിലെ 2 ഭീകരരുടെ ചിത്രങ്ങൾ കൂടി അന്വേഷണ സംഘം പുറത്തുവിട്ടു. നിലവിലുള്ള അഞ്ചു ചിത്രങ്ങളിൽ രണ്ടുപേർ പാക്കിസ്ഥാനികൾ ആണെന്നാണ് സ്ഥിരീകരണം.
ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കരുത്. പ്രശ്നങ്ങൾ സമാധാനന്തരീക്ഷത്തിൽ പരിഹരിക്കണമെന്നും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.