വെള്ളറടയിൽ സർക്കാർ ഉദ്യോഗസ്ഥൻ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Spread the love

വെള്ളറട :വെള്ളറടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പെൺസുഹൃത്തിന്റെ വീടിന്റെ രണ്ടാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട സ്വദേശിയും തിരുവനന്തപുരം കോർപറേഷന്‍ ഓഫീസിലെ ലോക്കല്‍ ഫണ്ട് ഓഡിറ്ററുമായ ഷാജി(43) ആണ് മരിച്ചത്.കഴിഞ്ഞദിവസം വൈകിട്ട് മുതല്‍ ഷാജിയെ കാണാതായിരുന്നു. രാവിലെ അധ്യാപികയായ ഭാര്യയെ കാറില്‍ സ്‌കൂളില്‍ കൊണ്ടുവിട്ടശേഷമാണ് ഷാജിയെ കാണാതായത്.എല്ലാദിവസവും ഇരുവരും ഒരുമിച്ചാണ് ജോലികഴിഞ്ഞ് വെള്ളറടയിലെ വീട്ടിലേക്ക് വന്നിരുന്നത്. കഴിഞ്ഞദിവസം വൈകിട്ട് ഭാര്യ നിരന്തരം ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിട്ടും ഷാജിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇതോടെ ബന്ധുക്കള്‍ വെള്ളറട പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാജി പെണ്‍സുഹൃത്തിന് പലതവണ ബാങ്കുകളില്‍നിന്നുള്ള ചിട്ടികള്‍ക്ക് ജാമ്യംനിന്നിരുന്നതായാണ് വിവരം. സുഹൃത്ത് ഈ തുകയൊന്നും തിരിച്ചടയ്ക്കാതായതോടെ പല ബാങ്കുകളില്‍നിന്നായി ഷാജിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരിക്കാം ഇതേ സുഹൃത്തിന്റെ വീട്ടില്‍തന്നെ ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *