മുരിക്കാശ്ശേരിയിൽ പത്തര കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
ചെറുതോണി: മുരിക്കാശ്ശേരിയിൽ പത്തര കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. പണിക്കൻകുടി ഇടത്തട്ടേൽ ആന്റണിയുടെ മകൻ അനീഷ് (39), ചിന്നാർ മുല്ലപ്പിള്ളി തടത്തിൽ വേലായുധന്റെ മകൻ രാജേഷ് (40) എന്നിവരാണ് പിടിയിലായത്.മുരിക്കാശ്ശേരി പാവനാത്മ കോളജ് ജങ്ഷനിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മുരിക്കാശ്ശേരി എസ്.എച്ച്.ഒ എൻ.എസ്. റോയിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചാക്കിൽ കൊണ്ടുവന്ന നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.ഓണത്തോടനുബന്ധിച്ചുള്ള ലഹരി വിൽപന തടയാൻ ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നിർദേശത്തെ തുടർന്ന് ഇടുക്കി സബ് ഡിവിഷൻ ഡിവൈ.എസ്.പി ജിൽസൺ മാത്യു പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ജില്ല ഡാൻസാഫ് അംഗങ്ങളും ചേർന്ന് സംയുക്തമായി പരിശോധന നടത്തി വരുന്നതിനിടയാണ് രഹസ്യവിവരം ലഭിച്ചത്. ഇവരുടെ കൂട്ടാളികൾ പൊലീസിനെ കണ്ട് വാഹനവുമായി കടന്നു കളഞ്ഞു.ആന്ധ്ര, ഒഡിഷ ഭാഗങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് കൊണ്ടുവന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് അനീഷ്. കൂട്ടാളികളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരുകയാണ്. പ്രത്യേക അന്വേഷണ സംഘത്തിൽ മണിയൻ, സി.ടി. ജിജി, ഷൗക്കത്തലി, ജോഷി കെ. മാത്യു, സിബി, കെ.ആർ. അനീഷ്, ശ്രീജിത് ശ്രീകുമാർ, അഷറഫ്, പി.വി. സുനിൽ, ഡാൻസാഫ് അംഗങ്ങൾ എന്നിവരുമുണ്ടായിരുന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.