കാട്ടാക്കട താലൂക്കിൽ മലയോര മേഘല വെള്ളത്തിനടിയിൽ : വ്യാപക കൃഷി നാശം,വീടുകളും തകർന്നു
*കാട്ടാക്കട* :ശക്തമായ മഴയിൽ മലയോര മേഖല വെള്ളത്തിനടിയിലായി.ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് ഒറ്റ ദിവസം കൊണ്ട് വെള്ളത്തിനടിയിലായത്.പലയിടങ്ങളിലും വീടുകളും തകർന്നിട്ടുണ്ട്. കാട്ടാക്കട,പൂവച്ചൽ,കള്ളിക്കാട്,ആര്യനാട്,വെള്ളനാട്,കുറ്റിച്ചൽ,പരുത്തിപ്പള്ളി,നിലമ,ചപ്പാത്ത്,ആനകോട് തുടങ്ങി വിവിധ പ്രദേശങ്ങളിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി.ഈ പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണുണ്ടായത്.കുറ്റിച്ചൽ പ്രദേശത്തെ മലയോര ഹൈവേയുടെ പലയിടങ്ങളും വെള്ളക്കെട്ടാണ്.കാട്ടാക്കട കൈതകോണത്ത് തോടുകൾ നിറഞ്ഞുകവിഞ്ഞ് വീടുകൾക്കുളിൽ വെള്ളം കയറി.വീടുകളിൽ വെള്ളം കയറിയതിനാൽ ആളുകൾ താമസം മാറി.കാപ്പിക്കാട് ഇറയംകോട് പ്രദേശത്ത് മൂന്നോളം വീടുകൾക്ക് സമീപം മണ്ണിടിച്ചിലുണ്ടായി. മൂന്ന് വീടും അപകടാവസ്ഥയിലാണ്.ഒരു വീടിന്റെ പുരയിടത്തിലെ കല്ലറ ഉൾപ്പെടെ തകർന്ന് സമീപ വീടിന് പുറത്തേയ്ക്ക് വീണു.ശക്തമായ മഴയെ തുടർന്നുള്ള മണ്ണൊലിപ്പാണ് അപകടത്തിന് കാരണം.രണ്ടു വീടുകളിൽ നിന്നുള്ള പത്തോളം പേരെ കാപ്പിക്കാട് കുടുംബ ക്ഷേമ ഉപകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.രാത്രി മണ്ണിടിച്ചിലുണ്ടായി അപകടസാദ്ധ്യത കണക്കിലെടുത്ത് ഇവരെ മാറ്റാനുള്ള ശ്രമം നടത്തിയിരുന്നു.അതേസമയം ഉപകേന്ദ്രം തുറന്നു കൊടുക്കാൻ കളക്ടർ അനുമതി വേണമെന്നാണ് വീരനകാവ് ആരോഗ്യവകുപ്പിൽ നിന്നുള്ള മറുപടി.അനുമതി വാങ്ങുന്നവരെ കാത്തിരിക്കാനാകില്ലെന്ന നിലപാടിൽ പൂവച്ചൽ പഞ്ചായത്ത് ആളുകൾ മാറ്റിപാർപ്പിക്കുകയായിരുന്നു.പേഴുംമൂട് മാഹിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിൽ മഴവെള്ളം കയറി അയ്യായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു.